ബ്ലൂവെയില്‍: രക്ഷപ്പെട്ട വിദ്യാര്‍ഥിനി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു
ജോധ്പൂര്‍:രാജസ്ഥാനില്‍ ബ്ലൂവെയില്‍ ഗെയിമിനടിപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് 10ാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കളിയുടെ അവസാനം കുട്ടി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചിരുന്നത്. നാട്ടുകാര്‍ കണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഉറക്ക ഗുളിക കഴിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ഗെയിമിലെ 50 ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്.
താന്‍ കളിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് ദോഷമായിരിക്കും ഉണ്ടാവുകയെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടി പൊലിസിനോട് പറഞ്ഞിരുന്നു.
അതിനിടയില്‍ തമിഴ്നാട്ടില്‍ 22 കാരന് കളിയുടെ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും സഹോദരന് അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി ഇയാളെ രക്ഷപ്പെടുത്തി. കാരൈക്കലിലെ അലക്സാണ്ടര്‍ എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇതിനിടയില്‍ ബ്ലൂവെയില്‍ ഗെയിമിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."