ദമാം കോടതിയിലെ മലയാളികളുടെ അനുഭവങ്ങളുമായി പ്രവാസിയുടെ പുസ്തകം
നിലമ്പൂര്‍: സഊദി അറേബ്യയിലെ ദമാം ക്രിമിനല്‍ കോടതിയില്‍ മലയാളികളുടെ നൊമ്പരങ്ങളും അനുഭവങ്ങളും 20 വര്‍ഷമായി നേരിടുന്ന കോടതി ജീവനക്കാരന് അവ പുസ്തക രൂപത്തിലാക്കുന്നു. ദമാം ക്രിമിനല്‍ കോടതിയിലെ ഏക ഔദ്യോഗിക പരിഭാഷകനായ നിലമ്പൂര്‍ കരുളായി പുള്ളിയില്‍ സ്വദേശി മുഹമ്മദ് നജാത്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഓരോ മലയാളിയും നേരിട്ട നൊമ്പരങ്ങള്‍ താളുകളിലേക്ക് പകര്‍ത്തിയത്.
തടവറകള്‍ കഥപറയുമ്പോള്‍ എന്ന പുസ്തകം ഇത്തരത്തില്‍ പ്രവാസ ലോകത്തു നിന്നുമുള്ള ആദ്യ രചനയാണെന്ന് മുഹമ്മദ് നജാത്തി പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സഹായഹസ്തവുമായി എത്തിയ നിലമ്പൂരിലെ സഹൃത്തുക്കളായ മുഹാജിര്‍ കരുളായി, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, ശശികുമാര്‍ നിലമ്പൂര്‍ എന്നിവര്‍ക്കും ഇതേ അഭിപ്രായമാണ്. ദമാം കോടതിയിലെത്തിയ വിവിധ കേസുകളിലെ പ്രതികളും, അവരുടെ ജീവിതവുമാണ് പുസ്തകത്തിലുള്ളത്. സഊദി നിയമത്തിന്റെ തീക്ഷ്ണതയെകുറിച്ചുള്ള അറിവു പകരുന്ന ബോധവല്‍ക്കരണ പുസ്തകം കൂടിയാണ് ഇത്
27വര്‍ഷം മുന്‍പാണ് മുഹമ്മദ് നജാത്തി സഊദിയിലെത്തിയത്. 20 വര്‍ഷമായി ദമാമിലെ കോടതിയില്‍ ജോലി ചെയ്യുന്നു. ദമാം കോടതിയിലെ പ്രതിക്കൂട്ടില്‍ ഒട്ടേറെ മലയാളികള്‍ കയറിയിട്ടുണ്ട്. പലരും ഭാഷ അറിയാത്തവര്‍. നീതിന്യായ മന്ത്രാലയത്തിലെ പരിഭാഷകനായി ജോലിചെയ്യുന്ന നജാത്തി കുറ്റവാളികളുടെ മൊഴികള്‍ പരിഭാഷപ്പെടുത്തി കോടതിയെ അറിയിച്ചു. പലരും ചതിയില്‍പെട്ട് കുറ്റക്കാരാകേണ്ടിവന്നവരാണ്.
എല്ലാവരുടെയും സങ്കടങ്ങളും, ആവശ്യങ്ങളും നജാത്തി ന്യായാധിപനെ കേള്‍പ്പിച്ചു. സഹപ്രവര്‍ത്തകരുടെയും, സുഹൃത്തുക്കളുടെയും നിര്ബന്ധത്തിനൊടുവില് കോടതി മുറികളിലെ പൊള്ളുന്ന അനുഭവങ്ങള്‍ എഴുതുവാനും, പ്രസിദ്ധീകരിക്കുവാനും തീരുമാനിക്കുകയായിരുന്നു. നിയമത്തിന്റെ അജ്ഞതയാണ് പലരെയും ജയിലിലെത്തിച്ചതെന്ന് നജാത്തി പറയുന്നു.
പുസ്തക പ്രകാശനം നാളെ മലപ്പുറം പ്രസ്ക്ലബില്‍ വച്ച് പ്രമുഖ സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദ് നിര്‍വഹിക്കും.
പുസ്തകത്തെകുറിച്ചുള്ള പ്രത്യേക ചര്‍ച്ച വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. സാഹിത്യ-സാംസ്കരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."