സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; മുന്നിലോടിക്കയറി തിരുവനന്തപുരം
തിരുവനന്തപുരം: തുള്ളിക്കൊരു കുടം കണക്കെ പേമാരി പെയ്തിറങ്ങിയ അനന്തപുരിയുടെ ട്രാക്കില്‍ തിരുവനന്തപുരം സ്വര്‍ണക്കുട ചൂടി. 61ാമത് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പെരുമഴയിലും ട്രാക്കിലും ഫീല്‍ഡിലും മിന്നുന്ന പ്രകടനം നടത്തിയാണ് ആതിഥേയരായ തിരുവനന്തപുരം ജില്ല ആദ്യ ദിനത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചന്നം പിന്നം പെയ്തിറങ്ങിയ ചാറ്റല്‍ മഴയുടെ അകമ്പടിയോടെയായിരുന്നു ചാംപ്യന്‍ഷിപ്പിന്റെ തുടക്കം. പത്ത് മണിയോടെ മഴ ശക്തമായി. എന്നാല്‍, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങിയ താരങ്ങളുടെ പോരാട്ടവീര്യത്തെ തളര്‍ത്താന്‍ മഴയ്ക്കായില്ല.
ആദ്യ ദിനത്തെ പോരാട്ടം അവസാനിച്ചപ്പോള്‍ എട്ട്‌സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ 132 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് എത്തി. ആറ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 123 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ജൂനിയര്‍ മീറ്റുകളില്‍ ശക്തമായ ആധിപത്യം ഉണ്ടായിരുന്ന എറണാകുളം ആറ് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 118 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
മഴയില്‍ വിരിഞ്ഞ റെക്കോര്‍ഡുകള്‍
പെരുമഴയുടെ താളത്തില്‍ മലയാളത്തിന്റെ കൗമാരം ഇന്നലെ ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് നേടിയത്. 16 വയസില്‍ താഴെയുളള പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ തൃശൂരിന്റെ പി.എ അതുല്യ 36.51 മീറ്റര്‍ ദൂരത്തേയ്ക്ക് ഡിസ്‌ക് പായിച്ചതോടെ 2013ല്‍ പാലക്കാടിന്റെ ഇ നിഷ സ്ഥാപിച്ച 32.65 മീറ്റര്‍ എന്നത് റെക്കോര്‍ഡ് പുസ്തകത്തില്‍ നിന്ന് മാഞ്ഞു. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പാലക്കാടിനായി ഇറങ്ങിയ സി ചാന്ദ്‌നി ആറ് മിനുട്ട് 52.03 സെക്കന്‍ഡില്‍ ഓടിയെത്തി പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2015ല്‍ ഇടുക്കിയുടെ സാന്ദ്രാ എസ്. നായര്‍ സ്ഥാപിച്ച ആറ് മിനുട്ട് 55.09 സെക്കന്‍ഡാണ് ചാന്ദ്‌നി മറികടന്നത്. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. 18 വര്‍ഷം മുന്‍പ് പത്തനംതിട്ടയ്ക്ക് വേണ്ടി മത്സരിച്ച നിഷാ ജോണ്‍ ചാടിയ 5.84 മീറ്റര്‍ ദൂരമാണ് ആന്‍സിക്ക് മുന്നില്‍ ഇന്നലെ 5.86 മീറ്റര്‍ ദൂരമായി വഴിമാറിയത്.
16 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ തിരുവനന്തപുരത്തിനായി ട്രാക്കിലിറങ്ങിയ സല്‍മാന്‍ ഫാറൂഖ് അഞ്ച് മിനുട്ട് 52.85 സെന്‍ക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വഴി മാറിയത് പാലക്കാടിന്റെ പി ശ്രീരാഗ് 2015ല്‍ സ്ഥാപിച്ച അഞ്ച് മിനുട്ട് 56.89 സെക്കന്‍ഡ് സമയം. 18 വയസില്‍ താഴെയുള്ളവരുടെ 1500 മീറ്റില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപി മൂന്ന് മിനുട്ട് 58.02 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ മറികടന്നപ്പോള്‍ പാലക്കാടിന്റെ പി മുഹമ്മദ് അഫ്‌സല്‍ 2013ല്‍ സ്ഥാപിച്ച നാല് മിനുട്ട് 1.85 സെക്കന്‍ഡ് സമയം പഴങ്കഥയായി. ഈ ഇനത്തില്‍ വെള്ളി നേട്ടത്തിന് അര്‍ഹനായ പാലക്കാടിന്റെ എം അജിത്ത് നിലവിലുള്ള റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചു. നാല് മിനുട്ട് 1.82 സെക്കന്‍ഡിലാണ് അജിത്ത് വെള്ളി നേട്ടത്തിന് അര്‍ഹനായത്.
20 വയസില്‍ താഴെയുള്ളവരുടെ 1500 മീറ്ററില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ നിലവിലുള്ള റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശന്‍ മൂന്ന് മിനുട്ട് 59.63 സെക്കന്‍ഡില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ തിരുവനന്തപുരത്തിന്റെ തന്നെ ട്വിങ്കില്‍ ടോമി 2014ല്‍ സ്ഥാപിച്ച നാല് മിനുട്ട് 1.14 സെക്കന്‍ഡ് സമയം പഴങ്കഥയായി. ഈ ഇനത്തില്‍ വെള്ളി നേട്ടത്തിന് അര്‍ഹനായ തൃശൂരിന്റെ ബിബിന്‍ ജോര്‍ജും നിലവിലെ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. നാല് മിനുട്ട് 0.73 സെക്കന്‍ഡിലാണ് ബിബിന്‍ വെള്ളി നേട്ടത്തിന് അര്‍ഹനായത്.
18ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ മിന്നും പ്രകടനം നടത്തിയാണ് എറണാകുളത്തിന്റെ അലക്‌സ് പി തങ്കച്ചന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010ല്‍ എറണാകുളത്തിന്റെ തന്നെ മുഹമ്മദ് ഇജാസ് സ്ഥാപിച്ച 46.28 മീറ്റര്‍ എന്ന ദൂരം 53. 8 മീറ്ററായി തിരുത്തിയാണ് അലക്‌സ് പുതിയ റെക്കോര്‍ഡും സ്വര്‍ണവും സ്വന്തമാക്കിയത്.
ശ്രീ ശങ്കറിന് പരുക്ക് വില്ലനായി
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 20 ലോങ് ജംപില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച എം ശ്രീ ശങ്കറിന് ഒന്നാം സ്ഥാനം. റെക്കോര്‍ഡുകളുടെ തോഴനായ ശ്രീ ശങ്കറിന് അണ്ടര്‍ 20 ലോങ് ജംപിലെ സംസ്ഥാന റെക്കോര്‍ഡ് മറികടക്കാനായില്ല എന്ന നിരാശ ബാക്കി. അണ്ടര്‍ 20 മത്സരത്തിലെ നിലവിലെ സംസ്ഥാന റെക്കോര്‍ഡായ 7.58 മീറ്റര്‍ മറികടക്കാനായില്ലെങ്കിലും 7.41 മീറ്ററില്‍ ഫിനിഷ് ചെയ്താണ് ശ്രീ ശങ്കര്‍ ഒന്നാം സ്ഥാനത്തെത്തിയത്. പാലക്കാട് സ്വദേശികളായ മുന്‍ ട്രിപ്പിള്‍ ജംപ് താരം എസ് മുരളിയുടെയും ബിജി മോളുടെയും മകനാണ് ശ്രീ ശങ്കര്‍.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് അണ്ടര്‍ 12, അണ്ടര്‍ 16, അണ്ടര്‍ 18 മത്സരങ്ങളില്‍ ശ്രീ ശങ്കര്‍ സംസ്ഥാന, ദേശീയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ പാലക്കാട് എന്‍.എസ്.എസ് കോളജില്‍ സിവില്‍ എന്‍ജിനിയറിങ് പഠിക്കുന്ന ശ്രീ ശങ്കര്‍ അണ്ടര്‍ 20 മത്സരത്തില്‍ റെക്കോര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ നടന്ന കിങ് ഗ്രാന്‍ പ്രീ മത്സരത്തിനിടയ്‌ക്കേറ്റ പരുക്ക് ഇവിടെ വില്ലനായി. എന്നാല്‍ അടുത്ത ജൂനിയര്‍ ദേശീയ മീറ്റില്‍ റെക്കോര്‍ഡ് തിരുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീ ശങ്കര്‍.
കഴിഞ്ഞ യൂത്ത്, സ്‌കൂള്‍, ജൂനിയര്‍ ദേശീയ മീറ്റുകളില്‍ ബെസ്റ്റ് അത്‌ലറ്റായിരുന്ന ശ്രീ ശങ്കറിന് അച്ഛന്‍ മുരളി തന്നെയാണ് പരിശീലകന്‍. പത്താം ക്ലാസുകാരിയായ സഹോദരി ശ്രീപാര്‍വതിയും കായിക രംഗത്തുണ്ട്. മുരളി റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ സൂപ്രവൈസറായും ബിജിമോള്‍ ഫുഡ് കോര്‍പറേഷനിലും ജോലി ചെയ്യുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ശ്രീ ശങ്കര്‍ തിരവനന്തപുരത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."