ഗൗരി ലങ്കേഷ് വധം: പ്രവാസലോകത്തും പ്രതിഷേധജ്ജ്വാല
റിയാദ്/ദോഹ: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രവാസലോകത്തും നടുക്കവും പ്രതിഷേധവും. ഫാസിസ്റ്റുകളെ എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കി തങ്ങളുടെ ഇംഗിതം മാത്രം നടപ്പാക്കുകയെന്ന സമീപനമാണു സംഘ്പരിവാര്‍ പുലര്‍ത്തുന്നതെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകള്‍ അഭിപ്രയപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള നിറയാണ് ഗൗരിക്കുനേരെ പതിച്ചതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം(റിംഫ്) പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ അക്രമിച്ചു നിശബ്ദമാക്കാനുള്ള നീചശ്രമങ്ങളാണു രാജ്യത്ത് അടിക്കടി ഉണ്ടണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഫോറം അഭിപ്രായപ്പെട്ടു.
കൊലപാതകത്തില്‍ ജിദ്ദ മീഡിയ ഫോറം പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യന്‍ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടുമെന്ന് ജുബൈല്‍ മീഡിയ ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇന്ന് സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിപുലമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നവോദയ റിയാദ്, നവോദയ ദമാം, നവോദയ ജിദ്ദ, ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഒ.ഐ.സി.സി റിയാദ് എന്നിവയും സംഭവത്തെ അപലപിച്ചു.
ഗൗരി ലങ്കേഷ് വധത്തെ ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ശക്തമായി അപലപിച്ചു. എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയെന്ന ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാകുമ്പോള്‍ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ഉറക്കെ വിളിച്ചുപറയാന്‍ ഗൗരി ലങ്കേഷ് കാണിച്ച ധൈര്യം മാധ്യമരംഗത്തുള്ളവര്‍ക്കു മാതൃകയാണെന്നും ഫോറം പ്രസിഡന്റ് ആര്‍. റിന്‍സ്, ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ കരിയാടന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."