ദേര സച്ചാ സൗധയില്‍ പൊലിസ് പരിശോധന; സിര്‍സയില്‍ നിരോധനാജ്ഞ
ചണ്ഡീഗഢ്:വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഹരിയാനയിലെ ദേര സച്ച സൗധയില്‍ പൊലിസിന്റെ പരിശോധന. പരിശോധനയോടനുബന്ധിച്ച് സിര്‍സയില്‍ കലക്റ്റര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഇന്ന് രാവിലെയാണ് സുരക്ഷാ സേനയും പൊലിസും ബോംബ് സ്ക്വാഡുമടക്കം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പരിശോധനക്കെത്തിയത്. കെട്ടിടം പൊൡക്കാനായി ജെ.സി.ബിയും മറ്റു തൊഴിലാളികളും ഇവിടെയെത്തിയിട്ടുണ്ട്.
പരിശോധനയോടനുബന്ധിച്ച് പൊലിസും സൈന്യവും ആശ്രമം വളഞ്ഞു. സിര്‍സയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
അതേസമയം, പരിശോധനയോട് സഹകരിക്കുമെന്നും അനുയായികള്‍ ആത്മസംയമനം പാലിക്കണമെന്നും ദേര സച്ച സൗധ വക്താവ് വിപാസന ഇന്സാന് ആവശ്യപ്പെട്ടു. ആശ്രമം എപ്പോഴും നിയമത്തിന്റെ അധീനതയിലാണെന്നും അവര്‍ പറഞ്ഞു. നേരത്തെ പൊലിസ് നടത്തിയ പരിശോധനില്‍ വന്‍ ആയുധ ശേഖരം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ആശ്രമത്തില്‍ വച്ച് സ്വന്തം അനുയായിയെ ബലാല്‍സംഘം ചെയ്തതിന് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ഹൈക്കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."