ഓപ്പറേഷന് കുബേര: ഒരാള്‍ പിടിയില്‍
പുതിയതെരു: പലിശക്ക് പണം വാങ്ങിയയാള്‍ പണം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഒരാളെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശി കരടി ബാലകൃഷ്ണന് എന്ന ബാലകൃഷ്ണ(55)നാണ് പിടിയിലായത്. പലിശക്ക് വാങ്ങിയ പണത്തിന്റെ ഇരട്ടിയോളം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. പുതിയതെരു ആശാരിക്കമ്പനിക്ക് സമീപത്തെ രവീണ ഫ്യുവല്‍സ് പെട്രോള്‍പമ്പ് ഉടമകളായ ദമ്പതിമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് കുബേര പ്രകാരം ഇയാള്‍ പിടിയിലാകുന്നത്. 2015ല്‍ ബാലകൃഷ്ണനില്‍ നിന്നു പലിശക്ക് 12 ലക്ഷം രൂപ കടം വാങ്ങി. രണ്ട് വര്‍ഷത്തിനകം മുതലും പലിശയും ചേര്‍ത്ത് 22 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. തുടര്‍ന്നും പലിശയിനത്തില്‍ കൂടുതല്‍ സംഖ്യ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ ഫ്യുവല്‍ ഏജന്‍സിയുടെ ഉടമസ്ഥാവകാശത്തില്‍ അംഗമാക്കമെന്നും അറിയിച്ചു. എങ്കില്‍ മാത്രമേ പണയമായി നല്കിയ ചെക്കും ഭൂമിയുടെ ആധാരവും തിരിച്ച് നല്‍കുകയുള്ളൂവെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആറു മാസമായി ഇയാള്‍ ഭീഷണിപ്പെടുത്തി വരികയായിരുന്നുവെന്ന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."