അജൈവ മാലിന്യ സംസ്കരണ പദ്ധതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം
കണ്ണൂര്‍: ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കാനുളള 22 കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ തരംതിരിക്കാനും സൂക്ഷിക്കാനുമുളള കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ തരംതിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളിലേക്കും പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുകളിലേക്കും ക്ലീന്‍ കേരള കമ്പനി കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും. ഒന്‍പത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈവര്‍ഷം പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ കൂടി ആരംഭിക്കും. നിലവില്‍ ജില്ലയില്‍ നാല് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഷ്രെഡിങ് യൂനിറ്റുകള്‍ പൊടിക്കുന്ന പ്ലാസ്റ്റിക് റോഡ് ടാറിങിനായി നല്‍കും. നിലവില്‍ റോഡ് ടാറിങിനാവശ്യമായ പ്ലാസ്റ്റിക് പൊടി ലഭിക്കാത്ത സാഹചര്യമാണ് ഉളളത്. ഇതിന് പുറമെ നാല് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂടി പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുകളും ആരംഭിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് റീസൈക്ലിങ് യൂനിറ്റുകള്‍ക്ക് പുറമെയാണിത്. അജൈവ മാലിന്യതരംതിരിവ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഏഴ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഭൂമി ഏറ്റെടുക്കാനുളള പദ്ധതി തയാറാക്കി. ഈ വര്‍ഷം ജില്ലയിലെ 12 സ്കൂളുകളില്‍ കൂടി നാപ്കിന് വെന്റിങ് യന്ത്രം സ്ഥാപിക്കും. ഈ പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."