തിമിലയിടച്ചില്‍ മത്സരം; താള വിസ്മയത്താല്‍ അവിസ്മരണീയമായി
കാഞ്ഞങ്ങാട്: കേരളത്തിലെ വാദ്യകലാ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ സാര്‍വദേശീയ തിമിലയിടച്ചില്‍ മത്സരം കാഞ്ഞങ്ങാടിന്റെ മണ്ണിനെ താള വിസ്മയം കൊണ്ട് അവിസ്മരണീയമാക്കി. കാഞ്ഞങ്ങാട് ചെണ്ട സര്‍വവാദ്യകലാശാലയാണ് ശ്രദ്ധേയമായ മത്സരത്തിന് ആതിഥ്യമരുളിയത്. സ്വാമി ബോധ ചൈതന്യ പരിപാടിക്ക് ദീപം തെളിയിച്ചു. സോപാന സംഗീതജ്ഞന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ സോപാനസംഗീതം അവതരിപ്പിച്ചു. തുടര്‍ന്ന് കേളികൊട്ട് അരങ്ങേറി. കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ (ചെണ്ട), നീലേശ്വരം നാരായണ മാരാര്‍ (മദ്ദളം ), കടന്നപ്പള്ളി രാമചന്ദ്ര മാരാര്‍ (താളം), നീലേശ്വരം രാധാകൃഷ്ണന്‍ (വലം തല) എന്നിവരാണ് കേളികൊട്ടില്‍ അണിനിരന്നത്.
കൊമ്പ് പറ്റില്‍ ചെറുതാഴം പ്രദീപനും സംഘവും രംഗത്ത് എത്തിയപ്പോള്‍ കാഞ്ഞങ്ങാട് ശ്രീരാഗും സംഗവും കുഴല്‍പറ്റില്‍ നാദധാര ഒരുക്കി. വാദ്യാചാര്യന്‍ സുരേഷ് ബാബു നെല്ലിത്തോട് (താളം) എന്നിവരും അണിനിരന്നു. നൂറ്റിയൊന്ന് ശംഖ് ധ്വനിയോടെ അകമ്പടിയോടെ നടന്ന തിമില ഇടച്ചില്‍ മത്സരത്തിന്റെ കൊടിയേറ്റവും ആകര്‍ഷകമായി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാറാണ് കൊടിയേറ്റം നടത്തിയത്. പെരുതടി മുരളീധര മാരാര്‍ ചെറുതാഴം ഗോപാലകൃഷ്ണമാരാര്‍ പുല്‍പ്പറ്റ രമേശന്‍, തിരുവില്ലാമല ഹരി, തുറവൂര്‍, രാഗേഷ് കമ്മത്ത്, ബാലിശ്ശേരി കൃഷ്ണദാസ്, പുല്ലൂര്‍ മോഹന മാരാര്‍ ശംഖധ്വനിക്ക് നേതൃത്വം നല്‍കി.
സദനം വാസുദേവന്‍, പി. മുരളീധരന്‍, കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുരു വന്ദനം പരിപാടിയില്‍ ഗുരു സദനം വാസുദേവന്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, അരമന വളപ്പില്‍ നാരായണ മാരാര്‍, പുല്ലൂര്‍ ബാലകൃഷ്ണമാരാര്‍ എന്നിവരെ മഡിയന്‍ രാധാകൃഷ്ണമാരാര്‍ പൊന്നാട അണിയിച്ചു.
സി.പി ശുഭ വാദ്യകലാകാരന്‍മാരെ ആദരിച്ചു: തുടര്‍ന്ന് നടന്ന സാക്‌സ ഫോണ്‍ കച്ചേരി കലാസ്വാദകരുടെ ഹൃദയം കവര്‍ന്നു. തൃക്കണ്ണാട് അരുണ്‍കുമാറിന്റെ നേതൃത്തില്‍ നടന്ന കച്ചേരിയില്‍ രാജഗോപാല്‍ കാഞ്ഞങ്ങാട് (പുല്ലാങ്കുഴല്‍), മനു ഉപ്പള (തവില്‍), ജയകുമാര്‍ (താളം ) എന്നിവരും അണിനിരന്നു. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചവാദ്യം ഹരം പകര്‍ന്നു.
തിമിലയില്‍ പുലാപ്പറ്റ രമേശന്‍ പ്രമാണമേകി. നാല് മണിക്ക് നടന്ന ദേശീയ തിമിലയിടിച്ചല്‍ മല്‍സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം യുവ വാദ്യകലാകാരന്‍മാര്‍ മാറ്റുരച്ചു. ഏഴ് പേരടങ്ങുന്ന 13 സംഘങ്ങളായാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ചോറ്റാനിരക്കര, പറപ്പൂര്‍, പാലക്കാട്, ചേര്‍ത്തല, കേരളശേരി, കാലടി, തൃശൂര്‍, പെരുവനം, തിരുവല്ലാമല, നീലേശ്വരം, ആലുവ, ഒറ്റപ്പാലം, എരുമപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."