ഫറൂഖാബാദ് ശിശുമരണം: എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് ഡോക്ടര്‍മാര്‍
ലക്‌നോ: ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ 49 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്ത്. ജില്ലാ മെഡിക്കല്‍ മേധാവിക്കും (സി.എം.ഒ) ചീഫ് മെഡിക്കല്‍ സൂപ്പര്‍ ഇന്റന്‍ഡിനുമെതിരായ (സി.എം.എസ്)എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തിയത്. പതിനഞ്ചു ദിവസം ബാഡ്ജ് ധരിക്കാനാണ് ഇവരുടെ തീരുമാനം.
സി.എം.ഒക്കും സി.എം.എസിനും നല്‍കിയ സ്ഥലം മാറ്റം റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഒരു മാസത്തിനുള്ളില്‍ 49 നവജാതശിശുക്കളാണ് ഇവിടെ മരിച്ചത്. മരുന്നുകളുടേയും ഓക്‌സിജന്‍ സിലിണ്ടറുകളുടേയും അഭാവത്തെ തുടര്‍ന്നാണ് കൂട്ടമരണമുണ്ടായതെന്നായിരുന്നു ആരോപണം. അതേ സമയം, കുട്ടികളുടെ പോഷകാഹാര കുറവാണ് മരണകാരണമെന്നും പല കുട്ടികളേയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
നേരത്തെ ഗൊരഖ്പുര്‍ ബിആര്‍ഡി ആശുപത്രിയില്‍ 76 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന്റെ ആഘാതം അടങ്ങും മുന്‍പേയാണ് ഫറൂഖാബാദ് ദുരന്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."