മലപ്പുറം: മലപ്പുറം റീജിയനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടും. നിലവില്‍ അപേക്ഷ നല്‍കി ഒരു മാസത്തിനകമാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. ഇത് രണ്ടുമാസത്തിലധികമാകും. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടൂതല്‍ അപേക്ഷകരുള്ള മലപ്പുറം ഓഫിസില്‍ ദിനംപ്രതി 1200ഓളം അപേക്ഷകളാണ് ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
നേരത്തേ പാലക്കാട് ജില്ലകൂടി മലപ്പുറം ഓഫിസിന്റെ പരിധിയിലായിരുന്നപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം വരികയും പാലക്കാട്ടുകാരുടെ പ്രയാസം വര്‍ധിക്കുകയും ചെയ്തതോടെ, പാലക്കാട് ജില്ല എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലാക്കി വിഭജിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെയും പാലക്കട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമുണ്ടായി. മലപ്പുറം ഓഫിസ് കോഴിക്കോടുമായി ലയിപ്പിക്കുമ്പോള്‍ നേരത്തെയുണ്ടായിരുന്ന പ്രയാസം ഇരട്ടിയിലധികമായി തിരിച്ചെത്തും.
നേരത്തെ പാലക്കാട് ജില്ലയില്‍ നിന്ന് ഇരുന്നൂറോളം അപേക്ഷകരാണുണ്ടായിരുന്നത്. ഇക്കാരണത്താല്‍തന്നെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് രണ്ടുമാസത്തോളമാണ് സമയമെടുത്തിരുന്നത്. എന്നാല്‍ കോഴിക്കോട് ഓഫിസിലെ അപേക്ഷകര്‍ക്കൊപ്പം മലപ്പുറംകൂടി ചേരുമ്പോള്‍ അപേക്ഷകരുടെ എണ്ണം 2000 കവിയും. ഇത് ഓഫിസിലെ തിരക്ക് വര്‍ധിപ്പിക്കുകയും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വലിയ കാലതാമസം വരുത്തുകയും ചെയ്യും.
പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നതും പരിശോധന നടത്തുന്നതും സേവാ കേന്ദ്രത്തില്‍ നിന്നാണെങ്കിലും സൂക്ഷ്മപരിശോധനയും പ്രിന്റിങും വിതരണവും ഒപ്പിട്ട് സീല്‍ ചെയ്ത് അനുവദിക്കുന്നതും പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നാണ്. പാലക്കാട് ജില്ലയിലേതടക്കം 1400 ഓളം അപേക്ഷകരുണ്ടായിരുന്നപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രണ്ട് മാസവും അതിലേറെയും സമയമെടുത്തിരുന്നു. ലയനത്തോടെ രണ്ടായിരത്തോളം അപേക്ഷകളില്‍ പരിഹാരം കാണേണ്ട സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എത്രസമയമെടുക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്നത് ഏറെ പ്രയാസം സൃഷടിക്കും. ഇത് പെട്ടന്ന് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍ക്കാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുകയും അപേക്ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും. ഒപ്പം സാധാരണ അപേക്ഷകരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളാനും ഇടയാക്കും.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമയാണ് രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ഓഫിസ് വാടകകെട്ടിടത്തിലാണെന്നും ദൂരപരിധി പാലിക്കുന്നില്ലെന്നുമാണ് പ്രധാനമായും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഓഫിസുകളിലൊന്നാണ് മലപ്പുറത്തേത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."