ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍
നിലമ്പൂര്‍: ഓട്ടോറിക്ഷയില്‍ ചന്ദനം കടത്തുകയായിരുന്ന രണ്ടുപേരെ നിലമ്പൂര്‍ വനം ഫ്ളയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്ലാര ആലുക്കല്‍ സ്വദേശികളായ പുലിക്കുന്നത്ത് സുബൈര്‍ (46), വട്ടക്കണ്ടത്തില് രാജന് (50) എന്നിവരെയാണ് ഫ്ളയിങ് സ്ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ. രാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വണ്ടൂര്‍-പാണ്ടിക്കാട് റോഡില്‍ തോട്ടുപുറം ഭാഗത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. സ്വകാര്യ ഭൂമിയില്‍നിന്നും ശേഖരിച്ച 14കിലോ തൂക്കം വരുന്ന 25 കഷ്ണം ചന്ദനത്തടികളാണ് പിടികൂടിയത്. ആലുക്കലിലെ ഒരാള്‍ക്ക് കൈമാറാനായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
തൊലിചെത്തിയ ചന്ദന മുട്ടികള്‍ക്ക് കിലോക്ക് 2,300 രൂപ നല്‍കാമെന്ന് ഇയാള്‍ പറഞ്ഞതായും പ്രതികള്‍ മൊഴി നല്കി. തോട്ടുപുറത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വിറ്റു കിട്ടിയാല്‍ തുക തരാമെന്ന് പറഞ്ഞാണ് മുറിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ക്ക് കൈമാറി. റെയ്ഡില്‍ സിവില്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എഫ്. സുല്‍ഫീക്കര്‍, എ.കെ വിനോദ്, സി.ദിജില്‍, ഡ്രൈവര്‍ പി.സിവിശ്വനാഥ് എന്നിവരും പങ്കെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനക്കിടെ ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഇവര്‍ പിടിയിലായത്. ഓട്ടോറിക്ഷയില്‍ ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്നു.
നാടന്‍ ചന്ദന കഷ്ണങ്ങള്‍ക്ക് പുറമെ, കോടാലി, വെട്ടുകത്തികള്‍ എന്നിവയും ഓട്ടോറിക്ഷയില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ ഇന്ന് മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."