കനത്ത മഴ: നഗരം വെള്ളത്തില്‍
തിരുവനന്തപുരം : കനത്ത മഴയില്‍ തലസ്ഥാന നഗരം മുങ്ങി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നഗരജീവിതത്തെ വലച്ച് മഴയെത്തിയത്.
രണ്ടു മണിക്കൂറോളം തുള്ളിക്കൊരു കുടം കണക്കെ തിമിര്‍ത്ത പെയ്ത മഴയില്‍ തലസ്ഥാന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നൂറോളം വീടുകളില്‍ വെള്ളം കയറി.
നഗരത്തിലെ ഒട്ടുമിക്ക റോഡുകളിലും ഗതാഗതം തടസപ്പെട്ടു. പ്രധാന റോഡുകളില്‍ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഓപ്പറേഷന്‍ അനന്തയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയയിടങ്ങളും വെള്ളത്തിനടിയിലായി.
തമ്പാനൂരില്‍ റോഡിന്റെ ടാര്‍ ഇളകി മാറി. ഓടകളിലെ മാലിന്യം റോഡിലേക്ക് പരന്നതോടെ, മുട്ടോളം ഉയര്‍ന്ന മലിനജനത്തില്‍ കൂടി നടക്കേണ്ട സ്ഥിതിയിലായിരുന്നു കാല്‍നടയാത്രക്കാര്‍.
തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ നാലടിയോളം വെള്ളം പൊങ്ങി.
റോഡിനരുവശത്തുമുള്ള കടകളില്‍ വെള്ളം കയറി.തമ്പാനൂര്‍ ജുമുആ മസ്ജിദ് റോഡിലും ഇതായിരുന്നു സ്ഥിതി. പള്ളിയുടെ ഉള്ളിലും വെള്ളം കയറി. ഇവിടെ എ.ഐ.ടി.യു.സി ജില്ലാ കൗണ്‍സില്‍ ഓഫിസിനുള്ളിലും സമീപത്തെ വീടുകളിലും വെള്ളം കയറി.
പഴവങ്ങാടി സെന്‍ട്രല്‍ തിയറ്റര്‍ റോഡില്‍ , സമീപത്തെ തോടിലെ മാലിന്യം പരന്നൊഴുകിയത് കാല്‍നടയത്രക്കാരെ വലച്ചു.
തമ്പാനൂര്‍ ആര്‍.എം.എസിന് സമീപത്താണ് റോഡിന്റെ ടാര്‍ ഇളകി മാറിയത്. റോഡിനടിയിലെ ചാലിലൂടെ വെള്ളം ശക്തിയായി കുത്തിയൊലിച്ചതാണ് റോഡ് ടാര്‍ ഇളകാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. രണ്ടര മണിക്കൂറോളം ഇവിടെ ഗതാഗതം തടസപെട്ടു.
പി.ഡബ്ല്യു.ഡി ജീവനക്കാര്‍ എത്തി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഗതാഗതം പൂര്‍വ സ്ഥിതിയിലായത്.
സെക്രട്ടറിയേറ്റിനു സമീപത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസിനകത്ത് വെള്ളം കയറി.
സ്‌പെന്‍സര്‍ ജങ്ഷനിലെ കാനറ ബാങ്കിലും വെള്ളം കയറി. ഇവിടെ ലോക്കര്‍ സംവിധാനം വരെ വെള്ളത്തിലായി. ചെങ്കല്‍ചൂളയിലെ വീടുകളിലും ആരോഗ്യകേന്ദ്രത്തിലും വെള്ളം കയറി. ആനയറയില്‍ സ്വകാര്യാശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ചാക്ക എല്‍.പി.എസില്‍ ഒന്നരയടിയലധികം വെള്ളം കയറി. നഗരത്തില്‍ കരമന, വഞ്ചിയൂര്‍, പൂജപ്പൂര, വലിയവിള, മണക്കാട്, അമ്പലത്തറ, കുര്യാത്തി , മാണിക്യവിളാകം, ആറ്റുകാല്‍, മരുതംകുഴി, പേരൂര്‍ക്കട, കുടപ്പനക്കുന്ന് ,പേട്ട അക്ഷരവീഥി ലൈന്‍, കരമന തുടങ്ങിയയിടങ്ങളിലും ജനജീവിതം സ്തംഭിച്ചു.
അതിനിടെ ഓപ്പറേഷന്‍ അനന്ത വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
വെള്ളക്കെട്ടിന് ശാശ്വത പരിഹാരമെന്ന പ്രഖ്യാപനവുമായി,ഓപ്പറേഷന്‍ അനന്തയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയയിടങ്ങളും വെള്ളത്തിനടിയിലായത് നഗരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ അനന്തയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകുന്നത് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കുകയാണെന്ന് നഗരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."