മന്ത്രി മണി മുല്ലപ്പൂക്കള്‍ നല്‍കി; മാന്ത്രികന്‍ കണ്ണന്‍മോന്‍ അത് മുല്ലമാലയാക്കി
പാലാ: മന്ത്രി എം.എം മണി കൊടുത്ത മുല്ലപ്പൂക്കള്‍ ഞൊടിയിടയില്‍ മുല്ലമാലയാക്കി മന്ത്രിയുടെ കഴുത്തിലണിയിച്ച് ബാലമാന്ത്രികന്‍ കണ്ണന്‍ മോന്‍ മന്ത്രിയെയും കാണികളെയും വിസ്മയഭരിതരാക്കി. പാലാ കിഴതടിയൂര്‍ ഭാവനാ ക്ലബ്ബിന്റെ ഓണാഘോഷ ഉദ്ഘാടന വേദിയിലായിരുന്നു കൊച്ചുമജീഷ്യന്റെ അത്ഭുത പ്രകടനം.
ഭാവനാ ക്ലബ്ബ് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി മണി. ഈ സമ്മേളനത്തില്‍ മജീഷ്യന്‍ കണ്ണന്‍ മോനെ സംഘാടകര്‍ അനുമോദിക്കുന്നുമുണ്ടായിരുന്നു. കൊച്ചുമാന്ത്രികനെ ആദരിക്കുന്ന കാര്യം വേദിയില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്നതു കേട്ടപ്പോള്‍, 'തന്റെ മുമ്പില്‍ ഒരു മാജിക്കെങ്കിലും അവതരിപ്പിക്കണ'-മെന്നായി മന്ത്രി മണി.
വേദിയിലെ നിലവിളക്കിന് ചുറ്റുമിടാന്‍ സംഘാടകര്‍ കരുതിയ മുല്ലപ്പൂക്കളെടുത്ത മജീഷ്യന്‍ കണ്ണന്‍ മോന്‍ ഇത് ആദ്യം മന്ത്രിയുടെ കയ്യില്‍ കൊടുത്തു. തുടര്‍ന്ന് ഓരോ പൂക്കളായി തന്റെ കൈയിലേക്ക് ഇടണമെന്ന മാന്ത്രികന്റെ അഭ്യാര്‍ഥന മന്ത്രി സ്വീകരിച്ചു. മന്ത്രി കൈയില്‍ കൊടുത്ത പൂക്കള്‍ കണ്ണന്‍ മോന്‍ ശൂന്യതയിലൊന്ന് ചുഴറ്റിയെടുത്തപ്പോള്‍ അത് മുല്ലമാലയായി ! വിരല്‍ത്തുമ്പിലെ വിസ്മയമായി സൃഷ്ടിച്ച മുല്ലമാല ബാലമാന്ത്രികന്‍ മന്ത്രി മണിയുടെ കഴുത്തിലണിയിച്ചപ്പോള്‍ കാണികളുടെ കരഘോഷം. ' ഇത് ഒറിജിനല്‍ സൂപ്പര്‍ മാലയാണല്ലോ.... മിടുക്കന്‍..... അഭിനന്ദനങ്ങള്‍.' കണ്ണന്‍മോന്‍ കഴുത്തിലണിയിച്ച മുല്ലപ്പൂ മാലയുടെ സുഗന്ധം ആസ്വദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഭാവനാ ക്ലബ്ബിന്റെ ഉപഹാരത്തോടൊപ്പം സ്വന്തമായൊരു സമ്മാനവും എം. എം. മണി കണ്ണന്‍ മോന് നല്കി.
ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍-ശ്രീജ ദമ്പതികളുടെ മകനായ കണ്ണന്‍മോന്‍ എന്ന എസ്. അഭിനവ് കൃഷ്ണ കഴിഞ്ഞ ആറു വര്‍ഷമായി മാജിക് രംഗത്തുണ്ട്. ഇതിനോടകം ഇരുനൂറോളം വേദികളില്‍ മാജിക് ഷോ നടത്തിയിട്ടുള്ള ഈ മിടുക്കന്‍ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു വരികയാണ്. മാജിക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഈ കൊച്ചു മജീഷ്യന്‍ അര്‍ഹനായിട്ടുണ്ട്.
ഭാവനാ ക്ലബ്ബിന്റെ ഓണാഘോഷ സാംസ്‌കാരിക സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഷിബു തെക്കേമറ്റം, ജോയി കളരിക്കല്‍, ജോജോ തുടിയംപ്ലാക്കല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ഇവര്‍ക്ക് മന്ത്രി എം.എം. മണി പുരസ്‌കാരം നല്കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ്കുട്ടി ചെറുവള്ളില്‍ അധ്യക്ഷനായി. ഡോ. സിന്ധുമോള്‍ ജേക്കബ്ബ് ഓണസന്ദേശം നല്‍കി. പാലാ നഗരസഭാവൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് അംഗം ലാലിച്ചന്‍ ജോര്‍ജജ്, ജോബ് അഞ്ചേരില്‍, ഫാ. മാത്യു പന്തലാനി, ഡോ. രാജു ഡി കൃഷ്ണപുരം, എം.ഒ. മാത്യു, റെജി ജോസഫ്, ഷിബിന്‍ പി. ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിസ്യു ജോസഫ്, എം.എസ്. ശശിധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണന്‍മോന്റെ മാജിക് ഷോയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."