സൂകി സമാധാന നൊബേല്‍ അര്‍ഹിക്കുന്നില്ല
''ഇവിടെ ഒരു ഗ്രാമവും അവശേഷിക്കുന്നില്ല, ഒരൊറ്റ ജനതയും ബാക്കിയായിട്ടില്ല. എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു'' നൊബേല്‍ സമ്മാനജേതാവായ ഓങ് സാങ് സൂകി ഭരിക്കുന്ന മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ആസൂത്രിത വംശീയ ഉന്മൂലനത്തിന്റെ വിവരണങ്ങളാണിത്. മ്യാന്‍മറിലെ സുരക്ഷാശക്തികളുടെയും തീവ്രബുദ്ധ സംഘങ്ങളുടെയും കൈകളില്‍പെട്ട് മുസ്‌ലിം സമൂഹം പീഡനങ്ങളും യാതനകളും അനുഭവിക്കുമ്പോള്‍ അവയെ ശരിയായി രീതിയില്‍ കണക്കിലെടുക്കാനോ വാര്‍ത്താമാധ്യമങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവരാനോ കാലങ്ങളായി യു.എസ് യൂറോപ്പ് മാധ്യമ നിര്‍മിതി തുടങ്ങിവച്ച മുസ്‌ലിം വിദ്വേഷ മനോഭാവം അനുവദിക്കുന്നില്ല. സെമിറ്റിക് സമൂഹങ്ങളോടുള്ള ചരിത്രപരമായ വിയോജിപ്പുകള്‍ ഇന്ന് തീവ്രമായ മുസ്‌ലിം വിരോധത്തിലേക്ക് മാറുകയും ചെയ്തിരിക്കുന്നു.
ഒരു നിമിഷം ചിന്തിച്ചു നോക്കൂ. മുസ്‌ലിം ഭരണകൂട വിചാരണയുടെ ഇരകളായി 'സമാധാന' പ്രിയരായ ബുദ്ധസമുദായക്കാരോ ക്രിസ്ത്യന്‍ അല്ലെങ്കില്‍ ജൂത മതവിഭാഗങ്ങളോ ആയിരുന്നാല്‍ എന്തായിരിക്കും സ്ഥിതി? മ്യാന്മറില്‍ നരാധമരായ ബുദ്ധിസ്റ്റുകള്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് ഐസിസ് തീവ്രവാദികള്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ക്ക് നല്‍കപ്പെടുന്ന അതേ വാര്‍ത്താപ്രാധാന്യം അനുവദിക്കുന്നുണ്ടോയെന്ന് നാം തുലനം ചെയ്യേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായങ്ങളെ ഒരിക്കലും മനുഷ്യവര്‍ഗമായി കണ്ടുപോകരുതെന്ന അലിഖിത വിചാരബോധമാണ് യൂറോ അമേരിക്കന്‍ ലിബറല്‍ നയങ്ങളെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്നത്.
റാഖില്‍ നൂറിലേറെ മുസ്‌ലിംകള്‍ കൂട്ടക്കൊലചെയ്യപ്പെടുമ്പോഴും പടിഞ്ഞാറില്‍ മനുഷ്യാവകാശങ്ങളുടെ സുപ്രധാന പ്രതീകവും യൂറോ അമേരിക്കന്‍ നേതൃത്വത്തിന്റ ഇഷ്ടഭാജനവുമായ ഓങ് സാങ് സൂകി നീണ്ട മനുഷ്യ ഉന്മൂലനത്തിനുമേല്‍ മൗനം ദീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ പ്രചണ്ഡമായ പ്രൊപ്പഗണ്ടയുടെ ഭാഗമായി തള്ളിക്കളയുകയും ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലില്‍ ബിബിസി ചാനലിനോട് സൂകി പറഞ്ഞത് ഇപ്രകാരമാണ് -''മ്യാന്മറില്‍ വംശീയ ഉന്മൂലനം നടക്കുന്നതായിട്ട് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്താണ് നടക്കുന്നതെന്നറിയാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ട ടൂളായിട്ടാണ് 'വംശീയ ഉന്മൂലന'ത്തെ ഞാന്‍ മനസ്സിലാക്കുന്നത്. മ്യാന്മറില്‍ ഇപ്പോള്‍ നടക്കുന്നത് ട്രംപിയന്‍ വഞ്ചനയുടെ മറ്റൊരു ആവിഷ്‌കാരമാണോ അതോ സൂകി സ്വന്തം സ്‌റ്റൈലില്‍ നടപ്പാക്കുന്ന ക്രൂരകൃത്യമാണോ? ഏതായാലും ഇങ്ങനെയുള്ള അധികാരദുര്‍ഗത്തിന് സമാധാന നൊബേല്‍ ജേതാവ് എന്ന നാമകരണം ഒരിക്കലും അര്‍ഹിക്കുന്നില്ല എന്ന് വളരെ വൈകിയാണങ്കിലും പറയേണ്ടിവരുന്നു.
2013ല്‍ മ്യാന്‍മറില്‍ നടക്കുന്ന മുസ്‌ലിം കൂട്ടക്കുരുതിയെക്കുറിച്ച് ബിബിസി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍, തള്ളിക്കളഞ്ഞ സൂകി തന്റെ കപടമനോഭാവം വെളിവാക്കുന്നവിധത്തില്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു- ''എന്നെ ഒരു മുസ്‌ലിമാണ് ഇന്റര്‍വ്യൂ ചെയ്യാന്‍പോകുന്നതെന്ന് ആരും എന്നോട് പറഞ്ഞില്ല''. സ്വന്തം രാജ്യത്ത് വംശീയ ഉന്മൂലനം സാധ്യമാക്കുന്നതിന്റെ പ്രഥമ തെളിവായിരുന്നു ഇത്. ഇനിയുള്ള വര്‍ഷമെങ്കിലും നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അടുത്ത സ്വീകര്‍ത്താവിന് ഏത് ധാര്‍മികാര്‍ഹതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം ബഹുമതി നല്‍കേണ്ടതെന്ന് ചോദിക്കാനുള്ള സന്ദര്‍ഭമാണിത്.
നൊബേല്‍ സമ്മാനം
സമാധാനത്തിനുള്ളതോ?
സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് ഇന്ന് ആഗോള അംഗീകാരത്തിന്റെ ചിഹ്നമായി മാറിയിട്ടുണ്ട്. അംഗീകാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനോട് നാം വിയോജിച്ചാലും ഇല്ലെങ്കിലും അവരുടെ തെരഞ്ഞെടുപ്പുകള്‍ ലോക അംഗീകാരത്തിന്റെ വലിയ അടയാളമായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. അല്‍പമെങ്കിലും ബോധത്തോടെ എന്ന് പറയാവുന്നതായിരുന്നു ബറാക് ഒബാമയപ്പോലെയുള്ളവരെ തെരഞ്ഞെടുത്തത്(ശേഷം നല്‍കപ്പെട്ടത് ഖേദത്തിലേക്ക് വരെ എത്തിയെങ്കിലും), എന്നാല്‍, വിഷവാതക കമ്പനിയുടെ ഡയറക്ടറായ ഫ്രിഡ്‌സ് ഹാര്‍ബര്‍(കെമിസ്ട്രി,1918), ബ്രെയിന്‍ ശാസ്ത്രക്രിയ കണ്ടെത്തിയ അന്റോണിയോ ഇഗാസ് മോനിസ് (മെഡിസിന്‍,1949), യുദ്ധ കുറ്റവാളിയായ ഹെന്ററി കിസിന്‍ജര്‍(സമാധാനം, 1973), യൂറോപ്യന്‍ യൂണിയന്‍ (സമാധാനം,1912) തുടങ്ങിയ നാമങ്ങളുമായി നൊബേല്‍ സമ്മാനം ബന്ധപ്പെടുത്തി സംസാരിക്കുമ്പോള്‍ നാം നമ്മുടെ തലകളെ സ്വയം തലയിണക്കുള്ളിലാക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തെരഞ്ഞെടുപ്പുകളായാണ് അവയെ നോക്കിക്കാണുന്നത്. അതുപോലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബെര്‍മന്‍ രാഷ്ട്രീയത്തിന്റെ കടിഞ്ഞാന്‍ നിയന്ത്രിക്കുന്ന സൂകിക്ക് ലോകജനതയുടെ സജീവ ശ്രദ്ധ ക്ഷണിച്ച മുസ്‌ലിം കൂട്ടക്കൊലയുടെ ഭാഗമായി ഭരണകൂടം ഒത്താശചെയ്തിട്ടും നൊബേല്‍ ലഭിച്ചത് കറുത്ത നൊബേല്‍ ചരിത്രത്തിലെ സമീപകാല സംഭവമാണ്. വ്യവസ്ഥാപിതമായ വംശഹത്യയോടുള്ള ഒത്താശയും അവയോടുള്ള പരസ്യ അവഗണനയും സൂകിക്ക് ലഭിച്ച നൊബേല്‍ ഒരിക്കലും അര്‍ഹതപ്പെട്ടതല്ല എന്ന് തെളിയിക്കുമെന്നതില്‍ സംശയമില്ല.
അതിനുവേണ്ടി ഒന്നും അവര്‍ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സുപ്രധാനമായ ദൗത്യം ഇതാണ്; സമാധാനത്തിന്റെ മഹത്വമോതി നൊബേല്‍ നല്‍കപ്പെട്ട വ്യക്തികള്‍ അതേ സമാധാനത്തിന്റെ ഭിത്തികള്‍ തകര്‍ക്കുന്നതിനു വേണ്ടി പരിശ്രമിക്കുമ്പോള്‍, അത്തരത്തിലുള്ള വ്യക്തികള്‍ക്ക് നല്‍കപ്പെട്ട ബഹുമതി തിരിച്ചുവാങ്ങാന്‍ നൊബേല്‍ കമ്മിറ്റിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എന്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, യൂറോപ്യന്‍ യൂണിയന്‍ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവരേണ്ടതുണ്ട്.
തെറ്റുകള്‍ ശരിയാക്കാന്‍
മനുഷ്യകൂട്ടക്കുരുതി നടത്തുകയും മനസ്സാക്ഷിക്കുത്തില്ലാതെ മ്യാന്‍മര്‍ കൈകഴുകി രക്ഷപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത് ലോക ജനതക്ക് സഹതാപത്തോടെ നോക്കിനില്‍ക്കാന്‍ സാധ്യമല്ല. അങ്ങനെയുള്ള നൊബേല്‍ ജേതാക്കള്‍ക്ക് ആ ബഹുമതി നല്‍കിയതിന്റെ പേരിലെങ്കിലും നാം ദുഃഖിക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിന് നൊബേല്‍ സെക്രട്ടറിയായിരുന്ന ഗീന്‍ ലുംഡസ്ടാഡ് ബറാക് ഒബാമക്ക് സമാധാന നൊബേല്‍ നല്‍കിയതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് പ്രതികരിച്ചുവത്രേ ''2009ലെ നൊബേല്‍ സമ്മാനാര്‍ഹനായ ഒബാമ കമ്മിറ്റി പ്രതീക്ഷിച്ച സ്വപ്‌നങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു''.
സമാധാനത്തിന്റെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി ഗണ്യമായ സംഭാവനകളര്‍പ്പിച്ച വ്യക്തികള്‍ക്ക് ബഹുമതി നല്‍കലാണ് സമാധാന നൊബേല്‍ സമ്മാനത്തിന്റെ ലക്ഷ്യമെങ്കില്‍, ആ നൊബേല്‍ കമ്മിറ്റി തന്നെ അവാര്‍ഡിനര്‍ഹരായവര്‍ പ്രസ്തുത ദൗത്യത്തോട് ശിഷ്ടകാലത്തും നീതി പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന് ഗൗരവമായി കണക്കിലെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ആ ഉന്നത ചടങ്ങിന് അര്‍ഥവും ഫലപ്രാപ്തിയും ഇല്ലാത്തതായി മാറും. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയോട് ഈ കുറിപ്പ് ആവശ്യപ്പെടുന്നത് സൂകിയെയോ മറ്റു നൊബേല്‍ജേതാക്കളെയോ വിളിച്ച് ശാസിക്കണമെന്നോ അവരുടെ അവാര്‍ഡുകള്‍ പിന്‍വലിക്കണമെന്നോ അല്ല, മറിച്ച് ഒരു പൊതു അംഗീകാരം കൂടുതല്‍ ഉത്തരവാദബോധത്തോടെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വീണ്ടുവിചാരം നടത്തുകയാണ് ചെയ്യേണ്ടത്.
ഇന്ന് നൊബേല്‍ സമ്മാനജേതാക്കളുടെ പേരുകളില്‍ ആശ്ചര്യപ്പെടുത്തുന്ന നാമമാണ് സൂകിയുടേത്. കമ്മിറ്റിക്ക് തങ്ങളുടെ വിശ്വാസ്യത ദൃഢീകരിക്കാനും ജേതാക്കളുടെ വിശ്വാസ്യത നിലനിര്‍ത്താനും എക്കാലത്തും സാധിക്കേണ്ടതുണ്ട്. വംശഹത്യ പേറുന്ന വ്യക്തിയില്‍ നിന്ന് ബഹുമതി പിന്‍വലിക്കുന്നതു കമ്മിറ്റിയുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ സാധിക്കും. അക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും സമാധാനം പ്രസരിപ്പിക്കാനും ഉപയുക്തമായ ആഗോള നയതന്ത്രപരത നൊബേല്‍ സമ്മാനങ്ങളുടെ യുക്തിക്കനുസരിച്ച് എങ്ങനെ സംവിധാനിക്കണമെന്നതാവണം മുഖ്യ ലക്ഷ്യം.
കടപ്പാട്: അല്‍ജസീറ
വിവര്‍ത്തനം: സി. സ്വാലിഹ് ഹുദവി അമ്മിനിക്കാട്
7025854474
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."