പെരിന്തല്‍മണ്ണയില്‍ ഒരുകോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ഒരുകോടി ഒന്നരലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അരീക്കോട് കിഴിശ്ശേരി സ്വദേശി പനങ്ങോട്ടില്‍ മുജീബ് റഹ്മാന് (38), മലപ്പുറം മൊറയൂര്‍ സ്വദേശി കാട്ടിപ്പരുത്തി മുഹമ്മദ് ബഷീര്‍ (47) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എന്‍.പി മോഹനചന്ദ്രന്, സി.ഐ ടി.എസ് ബിനു മുത്തേടം എന്നിവരുടെ നേതൃത്തിലുള്ള പൊലിസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഇന്നലെ രാവിലെ എട്ടോടെ പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പൊലിസ് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിനു മുന്നില്‍വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഗിയര്‍ ബോക്സിനുള്ളില്‍ പണം കണ്ടെത്തിയത്.
2,000 രൂപയുടെ 47ഉം 500ന്റെ 15 കെട്ടുകളുമാണ് കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് വിതരണത്തിനെത്തിച്ച പണമാണിതെന്നാണ് സംശയിക്കുന്നത്.
പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതിനുശേഷം മാത്രമേ പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്താനാവുകയുള്ളൂവെന്നുംഅന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം പെരിന്തല്‍മണ്ണയില്‍ വച്ച് അരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐ ഖമറുദ്ദീന് വള്ളിക്കാടന്, എ.എസ്.ഐ മോഹന്‍ദാസ്, ജൂനിയര്‍ എ.എസ്.ഐ എം.പി രാജേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിജയകുമാര്‍, അഷ്റഫ്, ദിനേശ്, അജീഷ്, പ്രമോദ്, അനൂപ്, എന്‍.വി ബഷീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."