മൂടല്‍മഞ്ഞ്: ഗള്‍ഫില്‍ നിന്നെത്തിയ അഞ്ച് വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാനായില്ല
കൊണ്ടോട്ടി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ അഞ്ച് വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. ഇവ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ പുലര്‍ച്ചെയുണ്ടായ അതിശൈത്യമാണ് വിമാനങ്ങളുടെ സുരക്ഷിത ലാന്‍ഡിങ്ങിന് ഭീഷണിയായത്.
പുലര്‍ച്ചെ നാലിന് മസ്‌ക്കത്തില്‍ നിന്നെത്തിയ ഒമാന്‍ എയറിന്റെ വിമാനം തിരുവനന്തപുരത്തേക്കും പുലര്‍ച്ചെ 5.50ന് സലാലയില്‍ നിന്നെത്തിയ ഒമാന്‍ എയര്‍, 5.55ന് അബൂദബിയില്‍ നിന്നെത്തിയ ഇത്തിഹാദ് എയര്‍, 5.35ന് അബൂദബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ്, 6ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എന്നീ നാലു വിമാനങ്ങള്‍ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.
ഈ വിമാനങ്ങള്‍ കൃത്യസമയത്തുതന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തിയെങ്കിലും അന്തരീക്ഷം മേഘാവൃതമായതിനാല്‍ പൈലറ്റുമാര്‍ക്ക് സുരക്ഷിത ലാന്‍ഡിങ്ങിന് സാധ്യമായില്ല. മലകളാല്‍ ചുറ്റപ്പെട്ട കരിപ്പൂരില്‍ മഞ്ഞ്-മഴ മേഘങ്ങള്‍ താഴ്ന്നിറങ്ങുന്ന പ്രതിഭാസം സാധാരണമാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം (ഐ.എല്‍.എസ്) വഴിയാണ് പൈലറ്റുമാര്‍ റണ്‍വേ തിരിച്ചറിയുന്നത്.
വിമാനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവിട്ടതോടെ ഇവയുടെ തുടര്‍സര്‍വിസുകളും വൈകി. തിരിച്ചുവിട്ട വിമാനങ്ങളില്‍ ഇത്തിഹാദിന്റെ അബൂദബി വിമാനം ഒഴികെയുള്ളവയെല്ലാം രാവിലെ ഒന്‍പതോടെ തിരിച്ചെത്തി തുടര്‍സര്‍വിസ് നടത്തി. ഇത്തിഹാദ് വിമാനത്തിലെ വൈമാനികന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ഈ വിമാനം വൈകിട്ട് അഞ്ചോടെയാണ് കരിപ്പൂര്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."