വ്യവസായ-വാണിജ്യവകുപ്പ് ജീവനക്കാരെ കുറ്റപ്പെടുത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍
കൊല്ലം: വ്യവസായ-വാണിജ്യ വകുപ്പു ജീവനക്കാരെ കുറ്റപ്പെടുത്തി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി ഇറക്കിയ സര്‍ക്കുലര്‍ വിവാദമായി. ഉദ്യോഗസ്ഥര്‍ക്കു കാര്യക്ഷമതയില്ലെന്നും ഒരു വിഭാഗം ജോലിചെയ്യാതെ ശമ്പളം പറ്റുകയാണെന്നും അതിനാല്‍ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമാണു സര്‍ക്കുലറിലുള്ളത്. മുന്നുമാസത്തിനു മുമ്പിറക്കിയ സര്‍ക്കുലര്‍ അടുത്തസമയത്താണു വ്യവസായ-വാണിജ്യ ഡയറക്ടറേറ്റില്‍ എത്തിയത്. ഉത്തരവിലെ കുറ്റപ്പെടുത്തലില്‍ പ്രതിഷേധിച്ച ഉദ്യോഗസ്ഥര്‍ വകുപ്പു മന്ത്രിയെ നേരില്‍ക്കണ്ടു പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുടെ കഴിവില്‍ മതിപ്പു രേഖപ്പെടുത്തി മന്ത്രി പരാതിക്കാരെ ആശ്വസിപ്പിക്കുകയായിരുന്നു. മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു വിശദീകരണം തേടിയതായാണ് അറിയുന്നത്.
എന്നാല്‍, മന്ത്രിയോടു പരാതിപ്പെട്ടതിന്റെ പ്രതികാരമെന്നോണം വ്യവസായവകുപ്പ് അഡീ.ഡയറക്ടറുടെ ഫയലുകള്‍ പലതും തീര്‍പ്പാക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരിച്ചയക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ വ്യവസായവകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പലതിനും മറുപടി ലഭിച്ചിരുന്നില്ല. ഇതു വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണു സംഭവത്തിനു പിന്നിലെന്ന് വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡയറക്ടറുടെയും ഒരു അഡീഷണല്‍ ഡയറക്ടറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടുള്ള ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പാണു ആറുമാസത്തോളമായി ഡയറക്ടര്‍ പദവി ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്നാണു വിവരം. ഇതിനെത്തുടര്‍ന്നു രണ്ട് അഡീ.ഡയറക്ടര്‍മാര്‍,രണ്ടു ജോയിന്റ് ഡയറക്ടര്‍മാര്‍,നാല് ഡെ.ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 160 ജീവനക്കാരുള്ള തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി കെ.എന്‍ സതീശനാണു ഡയറക്ടറുടെ അധിക ചുമതല. താല്‍ക്കാലിക ചുമതലയുള്ള ഡയറക്ടറായതിനാല്‍ നിയമപരമായിട്ടുള്ള പല ഫയലുകള്‍ക്കും അദ്ദേഹം അംഗീകാരം നല്‍കാറില്ല. ഇതിനാല്‍ ഡയറക്ടറേറ്റില്‍ ഫയലുകള്‍ കുന്നുകൂടിയെന്നാണു ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."