ബീഫ്: കണ്ണന്താനത്തിന്റേത് ഇരട്ടത്താപ്പെന്നു ചെന്നിത്തല
തിരുവനന്തപുരം: ആദ്യം ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീടു മറിച്ചും പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇരട്ടത്താപ്പു പുറത്തായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര്.എസ്.എസിനെ പ്രീണിപ്പിച്ചു കസേര നഷ്ടപ്പെടാതിരിക്കാനുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ വാക്കുമാറലിലൂടെ കണ്ടത്. മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണത്.
എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടഭക്ഷണം കഴിക്കാനും സ്വകാര്യത നിലനിര്‍ത്താനുമുള്ള അവകാശം വേണമെന്ന വിഷയം കോടതിക്കു മുന്നിലെത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവനയിറക്കിയതു സംഘപരിവാറിനെ ഞെട്ടിക്കുന്നതായിരുന്നു.
ബി.ജെ.പി നേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അല്‍ഫോന്‍സ് കളംമാറ്റി ചവിട്ടിയിരിക്കുന്നത്. അല്‍ഫോന്‍സ് കേന്ദ്ര ടൂറിസം മന്ത്രിയായതു കേരളത്തിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
എന്നാല്‍ കേരളത്തിനും വിനോദസഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണു പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."