സ്വകാര്യബസുകളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നു
തിരുവനന്തപുരം: നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പറക്കുന്ന സ്വകാര്യബസുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. ഇനി, റൂട്ട് തെറ്റി ഓടിക്കുകയോ സമയക്രമം പാലിക്കാതിരിക്കുകയോ ചെയ്താല്‍ നടപടി ഉറപ്പ്.
റൂട്ടും സമയക്രമവും പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന രീതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് സോഫ്റ്റ്‌വെയര്‍ തയാറാക്കും. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിനാണു (സിഡാക്) ഇതിന്റെ ചുമതല. പതിനാറായിരത്തിലധികം സ്വകാര്യബസുകള്‍ വിവിധ ജില്ലകളിലായി സര്‍വീസ് നടത്തുന്നുണ്ട്. ബസ്സുടമയുടെ വിലാസം, രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും സംബന്ധിച്ച വിവരങ്ങള്‍, റൂട്ട്, സമയം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. ഈ വിവരങ്ങള്‍ റോഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഏതു സ്ഥലത്ത് എപ്പോള്‍ ബസ് എത്തുമെന്നതുള്‍പ്പെടെ ഇതിലൂടെ അറിയാന്‍ സാധിക്കും. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്നതോടെ ബസ്സുകള്‍ സമയം പാലിക്കുമെന്നാണു മോട്ടോര്‍ വാഹനവകുപ്പ് പ്രതീക്ഷിക്കുന്നത്. ബസുകളുടെ സമയക്രമം, നിലവില്‍ എവിടെ, എത്രസമയം കൊണ്ട് സ്റ്റോപ്പില്‍ എത്തിച്ചേരും,പെര്‍മിറ്റെടുത്ത റൂട്ടിലാണോ ബസുകള്‍ സര്‍വീസ് നടത്തുന്നത് തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.
ജനങ്ങള്‍ക്കു വിവരങ്ങള്‍ എളുപ്പം ലഭിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുണ്ട്. നവംബറോടെ സംവിധാനം ആരംഭിക്കണമെന്നാണു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."