ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച്: ഇനി പുരുഷ ടീമിനെ പരിശീലിപ്പിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ ഷോര്‍ഡ് മരീനെ ഇനി ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കും. പുറത്താക്കിയ റോളണ്ട് ഓള്‍ട്മാന്‍സിന് പകരമാണ് മരീനെ നിയമിക്കാനുള്ള അമ്പരപ്പിക്കുന്ന തീരുമാനം. പുതിയ കേന്ദ്ര കായിക മന്ത്രിയായി ചുമതലയേറ്റ മുന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂനിയര്‍ പുരുഷ ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹരേന്ദ്ര സിങിനെ വനിതാ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് കോച്ചായും നിയമിച്ചു.
നിലവില്‍ വനിതാ ടീം യൂറോപ്പില്‍ പര്യടനം നടത്തുകയാണ്. ടീം ഇന്ത്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഈ മാസം 20ന് മരീനെ ഇന്ത്യന്‍ പുരുഷ ടീം പരിശീലകനായി ചുമതലയേല്‍ക്കും. ഹരേന്ദ്ര സിങ് ഇന്ന് തന്നെ ടീമിനൊപ്പം ചേരും. 2020ലെ ടോക്യോ ഒളിംപിക്‌സ് വരെയാണ് ഇരുവര്‍ക്കും ടീമുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ബി.സി.സി.ഐ മാതൃകയില്‍ പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ക്ഷണിക്കുന്നതടക്കമുള്ള നടപടികള്‍ ഹോക്കി ഇന്ത്യ സ്വീകരിച്ചിരുന്നു. ഈ മാസം 15വരെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും നല്‍കിയിരുന്നു. അതിനിടെയാണ് ഇപ്പോഴത്തെ അപ്രതീക്ഷിത തീരുമാനം.
കരിയറില്‍ ഇതുവരെ ഒരു സീനിയര്‍ പുരുഷ ടീമിനേയും പരിശീലിപ്പിച്ചതിന്റെ മുന്‍ പരിചയമില്ലാത്ത ആളാണ് മരീനെ. കുറച്ച് കാലം ഹോളണ്ട് അണ്ടര്‍ 21 പുരുഷ ടീമിനെ പരിശീലിപ്പിച്ചിരുന്നു. അതേസമയം വനിതാ ടീമിനൊപ്പം മികച്ച ഫലങ്ങള്‍ മരീനെ സൃഷ്ടിച്ചിട്ടുണ്ട്. ഹോളണ്ട് വനിതാ ടീമിനെ അണ്ടര്‍ 21 ലോകകപ്പ് വിജയത്തിലേക്കും സീനിയര്‍ വനിതാ ടീമിനെ 2015ലെ ലോക ലീഗ് സെമിഫൈനല്‍ സ്വര്‍ണത്തിലേക്കും നയിച്ചതിന്റെ മികവ് അദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. ഈ മികവ് അടിസ്ഥാനത്തിലാണ് മരീനെ ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി നിയമിച്ചത്.
പരിശീലകരെ നിരന്തരം പുറത്താക്കുന്ന ഹോക്കി ഇന്ത്യയുടെ നടപടികളുടെ പശ്ചാത്തലത്തില്‍ മരീനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. 16 മാസത്തിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കുന്നു. ഈ ടൂര്‍ണമെന്റുകളിലെ ടീമിന്റെ പ്രകടനം പോലെയിരിക്കും മരീനെയുടെ ഭാവി.
നേരത്തെ ലോക ഹോക്കി ലീഗ് പോരാട്ടത്തിലെ മോശം പ്രകടത്തെ തുടര്‍ന്നാണ് ഓള്‍ട്മാന്‍സിനെ പുറത്താക്കിയത്. 2015ല്‍ പോള്‍ വാന്‍ ആസിന് പകരമാണ് ഓള്‍ട്മാന്‍സ് ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."