മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം: 34 മരണം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ തീരങ്ങളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 34 പേര്‍ മരിച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തി. ഇന്നലെ 8.2 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും രാജ്യത്തുണ്ടായതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വ പെന നീറ്റോ പറഞ്ഞു. ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പിജിജിയാപ്പന്‍ നഗരത്തിന്റെ 123 കി.മീറ്റര്‍ അകലെ തെക്കു പടിഞ്ഞാറു പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 70 കി.മീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായതായി യു.എസ് ഭൗമശാസ്ത്ര സര്‍വേ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചിലേറെ തവണ തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്. തലസ്ഥാനമായ മെക്‌സിക്കന്‍ സിറ്റിയിലും പ്രകമ്പനമുണ്ടായി. പത്തു ലക്ഷത്തോളം പേരെയാണ് ഭൂകമ്പം ബാധിച്ചത്. പ്രകമ്പനമുണ്ടായ ഉടന്‍ തന്നെ ആളുകള്‍ താമസസ്ഥലങ്ങളില്‍നിന്ന് ഇറങ്ങിയോടി. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങി. മിക്കവാറും പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ചലനത്തിന്റെ പ്രകമ്പനം അമേരിക്കന്‍ നഗരമായ ടെക്‌സാസിലെ ഓസ്റ്റിന്‍ വരെ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടബാസ്‌കോ സംസ്ഥാനത്ത് കൊല്ലപ്പെട്ട രണ്ട് കുട്ടികളും ദുരന്തത്തിനിരയായവരില്‍ ഉള്‍പ്പെടും. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ഭൂകമ്പം ഈ നൂറ്റാണ്ടില്‍ ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനം കൂടിയാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ അറിയിച്ചു. 1985ല്‍ നാല് മെക്‌സിക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു ഇതിനുമുന്‍പ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം.
മെക്‌സിക്കോയുടെ പസഫിക് സമുദ്രതീരങ്ങളിലാണ് സുനാമി ഭീഷണി നിലനില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖനഗരമായ സലിന ക്രൂസില്‍ ഒരു മീറ്ററിനു മുകളില്‍ വേലിയേറ്റമുണ്ടായതായി പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. സുനാമി ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ സ്‌കൂളുകളെല്ലാം അധികൃതര്‍ അടപ്പിച്ചു. മെക്‌സിക്കോയുടെ അയല്‍രാജ്യങ്ങളായ ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ സംസ്ഥാനമായ ഹവായി, തെക്കുപടിഞ്ഞാറന്‍ പസഫിക് തീരങ്ങള്‍ എന്നിവിടങ്ങളില്‍ കാര്യമായ ദുരന്തഭീഷണി നിലനില്‍ക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."