മോദിയെ കുറിച്ച് അശ്ലീല ട്വീറ്റ്: ദിഗ് വിജയിനെതിരെ പ്രതിഷേധം ഇരമ്പുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച അശ്ലീല ട്വീറ്റ് പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ പുറത്തു വന്നതെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. ഇന്ത്‌യന്‍ പ്രധാനമന്ത്രിയെ മാത്രമല്ല ജനതയെ ഒന്നാകെയാണ് അവര്‍ ഇതിലൂടെ അപമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയെന്നത് കോമാലിയല്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ട ദിഗ് വിജയ് സിങിന്റെ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് ഇത്രയും വൃത്തികെട്ട രീതിയില്‍ പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രവിശങ്കര്‍ പ്രസാദ് ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയെ കുറിച്ച് ഒരാള്‍ നടത്തിയ അശ്ലീല ട്വീറ്റ് ദിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്തത്. പോസ്റ്റ് തന്റേതല്ലെന്നും കണ്ടപ്പോള്‍ ട്വീറ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ജാമ്യമെടുത്ത് കൊണ്ടായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ നടപടി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്ലോക്ക് മോദി ഹാഷ് ടാഗ് കാമ്പയിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."