ഏകീകരണം ഭയപ്പെടുത്തുന്ന വാക്കായി മാറിയിരിക്കുന്നു: കെ.ഇ.എന്‍
കോഴിക്കോട്: ഏകീകരണം എന്നത് ഭയപ്പെടുത്തുന്ന വാക്കായി മാറിയിരിക്കുകയാണെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. മുമ്പ് ഐക്യവുമായി ബന്ധപ്പെട്ടായിരുന്നു ഈ വാക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത് മുകളില്‍ നിന്നുള്ള അടിച്ചേല്‍പ്പിക്കലുകളെന്നതായിരിക്കുന്നു.
ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംഘടിപ്പിച്ച ഇന്ത്യന്‍ ഫാസിസം, ഭരണകൂടം, മനുഷ്യാവകാശം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വൈവിധ്യങ്ങളെയും ഞെരുക്കുന്ന ഭീകരതയായി ഏകീകരണം മാറിയ കാലമാണിത്.
കല്‍ബുര്‍ഗിയും പന്‍സാരയും ഒടുവില്‍ ഗൗരി ലങ്കേഷും ഉള്‍പ്പെടെയുള്ളവര്‍ കൊല ചെയ്യപ്പെട്ടത് ഇന്ത്യയിലെ ജാതി മേല്‍ക്കോയ്മക്കെതിരേ ശബ്ദിച്ചതിനാലാണ്. നിങ്ങളുടെ പേര് ശരിയല്ല, ഭക്ഷണം ശരിയല്ല, സംസ്‌കാരം നല്ലതല്ല, ഭാഷ ശരിയല്ല എന്തിനധികം നിങ്ങള്‍ തന്നെ ശരിയല്ലെന്ന അധമബോധത്തിലേക്ക് ഫാസിസം ഇന്ത്യന്‍ ജനതയെ എത്തിച്ചിരിക്കുകയാണ്.
നമ്മുടെ രാഷ്ട്രീയ ശരീരത്തെ കുറ്റവാളി ശരീരമായി പരിവര്‍ത്തിപ്പിക്കുകയാണ് ഫാസിസം ഇത്തരം പ്രവര്‍ത്തനത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു പേര്, ഭക്ഷണം, സംസ്‌കാരം എന്നിവയെല്ലാം മനുഷ്യനെ കുറ്റവാളികളാക്കപ്പെടുന്ന കാലം. ആക്രമിക്കപ്പെടുമോയെന്ന നിരന്തരമായ സന്ദേഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കേണ്ടി വരുന്നത്. അടിയന്തരാവസ്ഥ കാലത്തേതിലും ഭീതിതമായ അവസ്ഥയാണ് ഇന്നുള്ളത്. ഏതു നേരവും നിങ്ങള്‍ ഫാസിസ്റ്റ് സേനയുടെ നിരീക്ഷണത്തിലാണെന്നതും വര്‍ത്തമാനകാല ദുരവസ്ഥയാണ്. ഫാസിസത്തിന്റെ കായിക ഭീകരതയെക്കാള്‍ അപകടകരമാണ് അപസ്മാര ബാധിതരായ ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയെടുത്തുള്ള ആക്രമണങ്ങള്‍. ട്രെയിന്‍ യാത്രക്കിടെ കൊല്ലപ്പെട്ട ഹാഫിസ് ജുനൈദിന്റെ കൊലയാളിക്ക് താന്‍ പെട്ടുപോയതാണെന്ന് പറയേണ്ടി വന്നത് ബോധ്യപ്പെടുത്തുന്നത് ഇതാണ്.
ഫാസിസ്റ്റുകള്‍ അല്ലാത്തവരിലേക്ക് അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ പരിണിത ഫലമാണിത്. കൊലയാളി വരിക തീവണ്ടിയിലെ യാത്രക്കാരായും സനാതന്‍ സന്‍സ്ത പോലെയുള്ള സംഘടനകളിലൂടെയുമാണ്. ഇതിനാലാണ് അക്രമികള്‍ അജ്ഞാതരായി തുടരുന്നതെന്നും കെ.ഇ.എന്‍ പറഞ്ഞു. വിളയോടി ശിവന്‍കുട്ടി അധ്യക്ഷനായി. പ്രഫ. പി. കോയ, ഒ. അബ്ദുല്ല, കെ.കെ കൊച്ച്, എ. വാസു, ശീതള്‍ ശ്യാം, നാസറുദ്ദീന്‍ എളമരം, ടി.കെ അബ്ദുസ്സമദ്, പി.എ.എം ഹനീഫ്, റെനി ഐലിന്‍, ആന്റോ അരുനക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."