സമുദായത്തിന്റെ കൂട്ടായ പ്രവര്‍ത്തനം വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കി: റഷീദലി തങ്ങള്‍
കോഴിക്കോട്: സമുദായത്തിന്റെ കൂട്ടായ പ്രവര്‍ത്തനം വിദ്യാഭ്യാസ ഉദ്യോഗരംഗങ്ങളില്‍ മുസ്‌ലിംകളെ അഭിവൃദ്ധിയിലേക്ക് നയിച്ചുവെന്ന് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് മെറിറ്റ് അവാര്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ കാലത്ത് മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി കടക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം പോലും വളരെ പരിമിതമായിരുന്നു.
എന്നാല്‍ ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ സമുദായം ഏറെ പുരോഗമിച്ചിട്ടുണ്ട്. സാമുദായിക,രാഷ്ട്രീയ,സാംസ്‌കാരിക സംഘടനകളെല്ലാം നടത്തിയ കൂട്ടായ പരിശ്രമം ഇതിന് സഹായകമായിട്ടുണ്ട്. സമുദായത്തിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് വഖഫ്‌ബോര്‍ഡ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.സി മായിന്‍ഹാജി അധ്യക്ഷനായി. ടി.പി അബ്ദുല്ലക്കോയ മദനി, അഭിഭാഷകരായ പി.വി സൈനുദ്ദീന്‍, എം. ശറഫുദ്ദീന്‍, ഫാത്വിമ റോഷന്‍, ഡോ.അഷറഫ്, എം.കെ സ്വാദിഖ് സംസാരിച്ചു.
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ 42 ഓളം വിദ്യാര്‍ഥികള്‍ക്കും സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് നേടിയ ഹംന മറിയത്തിനും അവാര്‍ഡുകള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."