രാസവളം വേണോ...? ആധാര്‍ വേണം
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകര്‍ക്ക് രാസ വളം ലഭിക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ജില്ലയിലും പ്രാബല്യത്തിലായതോടെയാണിത്.
ആധാര്‍ കാര്‍ഡ് നമ്പര്‍ സ്ഥാപനത്തിലെ പോയിന്റ ഓഫ് സെയില്‍ ബില്ലിങ് (പി.ഒ.എസ്) മെഷീനില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമേ ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും കര്‍ഷകര്‍ക്കും വളം ലഭിക്കുകയുള്ളു. ജില്ലയില്‍ 113 പി.ഒ.എസ് മെഷീനുകളാണ് ആവശ്യം. നിലവില്‍ നൂറോളം കച്ചവട സ്ഥാപനങ്ങളില്‍ മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം എല്ലാ കേന്ദ്രങ്ങളിലും മെഷീന്‍ സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഒരു മാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇതനുസരിച്ചാണ് രാസവളങ്ങള്‍ വില്‍ക്കുന്നത്. കച്ചവട സ്ഥാപനങ്ങളില്‍ നിന്നും രാസവളങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകുന്നത് തടയുക, രാസവള സബ്‌സിഡി അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കുക, സബ്‌സിഡി ആനുകൂല്യം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയനിയമം നടപ്പിലാക്കുന്നത്.
അതേ സമയം പുതിയ നിയമം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പ്രതികൂലമാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.
മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ മഴ ലഭിക്കുന്നതോടെ കൂട്ടമായാണ് വളം വാങ്ങാനെത്തുന്നത്.
ഈ സമയം ആധാര്‍ കാര്‍ഡുമായി എത്തി നമ്പര്‍ സ്ഥാപനത്തിലെ പി.ഒ.എസ് മെഷിനില്‍ നല്‍കി വിരലടയാളവും പതിപ്പിച്ച് ആവശ്യമായ വളത്തിന്റെ അളവും കാണിച്ചതിനു ശേഷമാണ് ബില്ല് ലഭിക്കുക. ഓരോ തവണ വളം വാങ്ങാന്‍ എത്തുമ്പോഴും ആധാര്‍ കാര്‍ഡും വിരലടയാളവും നല്‍കണമെന്നതും കര്‍ഷകരെ പ്രയാസമാക്കുന്നുണ്ട്.
ഇതിന്നായി ഒരുപാട് സമയവും ആവശ്യമായി വരുന്നുണ്ട്. കൂടാതെ മെഷീന്‍ തകരാറായാല്‍ വളം വിതരണവും നിലക്കും. ഇത് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വിനയാകുമെന്നാണ് ആക്ഷേപം.
കൂടാതെ ഇപ്പോള്‍ വിതരണം ചെയ്ത മെഷീനില്‍ ജി.എസ്.ടിയുടെ കണക്ക് കാണിക്കുകയില്ലന്നതും കച്ചവടക്കാര്‍ക്ക് ഇരട്ടിജോലിയാണ് വരുത്തിവെക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി രാസവളം വാങ്ങുന്നതിന് ആധാര്‍ നിയമം പ്രാബല്യത്തിലാക്കിയത് തൃശൂര്‍ ജില്ലയിലാണ്.
ആധാര്‍ നിര്‍ബന്ധമാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രാസവള സബ്‌സിഡി കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.
അതേ സമയം രാസവള സബ്്‌സിഡി ലഭിക്കുന്നതിനുള്ള സംവിധാനം തുടക്കത്തിലുണ്ടാവില്ലന്നും അറിയുന്നു.
നിലവില്‍ സബ്‌സിഡി നിര്‍മാതാക്കള്‍ക്കാണ് നല്‍കുന്നത്. ഭാവിയില്‍ വളം വാങ്ങുന്നതിന് പരിധിയും നിശ്ചയിച്ചേക്കാം.
എത്ര അളവില്‍ കൃഷി സ്ഥലം ഉണ്ടന്നതിനെ ആശ്രയിച്ചായിരിക്കും ലഭിക്കുന്ന വളത്തിന്റെ അളവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."