ജീവനക്കാരുടെ അനാസ്ഥ; വെള്ളമുണ്ട പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി
വെള്ളമുണ്ട: ഡാറ്റാ എന്‍ട്രിയിലെ അപാകതകള്‍ കാരണം വെള്ളമുണ്ടയില്‍ 500 ഓളം പേരുടെ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി.
ബലിപെരുന്നാളിനും ഓണത്തിനും മുന്‍പായി വിതരണം ചെയ്യേണ്ട പെന്‍ഷനാണ് ഇനിയും ലഭിക്കാത്തത്.
ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ കൃത്യമായി വിവരങ്ങളില്‍ രേഖപ്പെടുത്താത്തതാണ് പെന്‍ഷന്‍ തടസപ്പെടാനിടയാക്കിയത്. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പുനക്രമീകരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ഏതാനും മാസങ്ങള്‍ മുന്‍പ് സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ഇത് പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.
ഇതില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ച് പ്രശ്‌ന പരിഹാരം നടത്തി ജൂലൈ 31 ഓടെ ഡാറ്റാബേസ് പരിഷ്‌കരണം പൂര്‍ത്തിയാക്കിയിരുന്നു. ഇത് പ്രകാരമുള്ള ക്ഷേമ പെന്‍ഷനുകളാണ് കഴിഞ്ഞ മാസം അവസാനം ബക്രീദിനും ഓണത്തിനും മുമ്പായി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.
എന്നാല്‍ ഇതിലേക്കായി ഡാറ്റാ എന്‍ട്രി നടത്തിയതില്‍ ജീവനക്കാര്‍ക്ക് വന്ന അപാകതയെ തുടര്‍ന്നാണ് വെള്ളമുണ്ടയിലെ 496 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതെ പോയത്. ഗുണഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായി എന്‍ട്രി നടത്തുന്നതില്‍ ജീവനക്കാര്‍ കാണിച്ച അലംഭാവമാണ് പ്രശ്‌നത്തിനിടിയാക്കിയത്.
ഒരേതരം പെന്‍ഷന്‍ ഒന്നിലധികം കൈപറ്റുന്നു, ആധാര്‍ രേഖപ്പെടുത്തിയില്ല, പരിശോധന പൂര്‍ത്തിയായില്ല തുടങ്ങിയ കാരണങ്ങളാണ് പെന്‍ഷന്‍ തടയാന്‍ കാരണമായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിധവകള്‍, അംഗവൈകല്യമുള്ളവര്‍, കൃഷിക്കാര്‍ തുടങ്ങി ആഘോഷവേളകളില്‍ പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിഞ്ഞ നിരവധി പേരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് ഇനിയെപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന് മറുപടി പറയാനും പഞ്ചായത്തധികൃതര്‍ക്ക് കഴിയുന്നില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണ സമിതി യോഗത്തില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ക്കിടയാക്കിരുന്നു. പലര്‍ക്കും ഒരു വര്‍ഷം വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയാണ് ലഭിക്കാതെ പോയത്.
വെള്ളമുണ്ട പഞ്ചായത്തിലെ കെട്ടിട നികുതി തയ്യാറാക്കുന്നതിലുള്‍പ്പെടെ നിരവധി പരാതികള്‍ ജീവനക്കാര്‍ക്കെതിരെ ഇതിന് മുന്‍പും ഉയര്‍ന്നിരുന്നു. നികുതി അടക്കുന്നതിനായി പലതവണ ഓഫിസ് കയറിയിറങ്ങേണ്ടി വന്നതിന് പുറമെ ഒരിക്കലടച്ച നികുതി തന്നെ വീണ്ടും അടക്കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതുള്‍പ്പെടെ നിരവധി പരാതികള്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും അശ്രദ്ധയോടെ ഡാറ്റാ എന്‍ട്രി നടത്തി നിരാലംബരുടെ ക്ഷേമ പെന്‍ഷനും തടസ്സപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."