പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം ശോഭായാത്രയും സി.പി.എം സാസ്‌കാരിക സംഘടനകളുടെ ഓണാഘോഷ സമാപനവും 12ന് നടക്കാനിരിക്കെ ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ആര്‍.എസ്.എസ്-സി.പി.എം നേതാക്കള്‍ വാഗ്വാദങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
ബാലഗോഗുലം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംഘടിപ്പിക്കുന്ന ശോഭായാത്ര തടയുന്നതിന് സി.പി.എം പൊലിസിനെ ഉപയോഗിച്ച് ശ്രമിക്കുന്നു എന്ന ആരോപണവുമായി ആര്‍.എസ്.എസ് രംഗത്തെത്തി.
സി.പി.എമ്മിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി തടസപ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നുമാണ് ആര്‍.എസ്.എസ് ആരോപണം. ഇതിനാല്‍ കണ്ണൂരിലെ സമാധാന അന്തരീക്ഷം തകരുമോ എന്ന് ആര്‍.എസ്.എസിന് ആശങ്കയുണ്ട്. എന്നാല്‍ ശോഭായാത്ര തടസപ്പെടുത്തുന്നതിന് ഒരു ശ്രമവും സി.പി.എം നടത്തിയിട്ടില്ലെന്ന് പി. ജയരാജന്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വാസികളെ പ്രധിനിധാനം ചെയ്യുന്ന വിഭാഗമല്ലെന്നും പി. ജയരാജന്‍ കഴിഞ്ഞദിവസം വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. ഗണേശോത്സവത്തില്‍ ചാല, പാതിരിയാട് പ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇതിന്റെ ഭാഗമായി പൊലിസ് കനത്ത ജാഗ്രതിലാണ്. സമയ ക്രമീകരണങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം പൊലിസ് വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഒരേ സ്ഥലത്ത് ഇരുപാര്‍ട്ടികളുടെയും പരിപാടികള്‍ കൂട്ടിമുട്ടാത്ത രീതിയിലാണ് സമയ ക്രമീകരണം. പൊതുസ്ഥലങ്ങളില്‍ കൊടി-തോരണങ്ങള്‍ പാടില്ലെന്നും പൊലിസ് നിര്‍ദേശമുണ്ട്. ജില്ലയില്‍ ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി വ്യാപക പരിശോധനയും നടക്കുന്നുണ്ട്. തളിപ്പറമ്പ് വെള്ളിക്കീലും ഇരിട്ടി വള്ള്യാടും ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു. 12ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി അധിക പൊലിസിനെയും ജില്ലയില്‍ വിന്യസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."