പരിശോധനയും നിരീക്ഷണവും ശക്തമാക്കി പൊലിസ്
ഇരിട്ടി: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ പടിവാതില്ക്കല് എത്തിനില്‍ക്കെ കഴിഞ്ഞദിവസം കീഴൂരില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ബോംബ് സ്ക്വാഡും ഇരിട്ടി പൊലിസും പരിശോധന ശക്തമാക്കി. ഏഴ് സ്റ്റീല്‍ ബോംബുകളാണ് കീഴൂര്‍ വൈരിഘാതകന്‍ ക്ഷേത്രത്തിനു സമീപമുള്ള അങ്കണവാടിയുടെ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ഇവ നിര്‍വീര്യമാക്കിയിരുന്നു. ഇരിട്ടി പൊലിസ് സ്റ്റേഷന് പരിധിയില്‍ കീഴൂര്‍, വള്ളിയാട്, കാമയാട്, പുന്നാട്, കീഴൂര്‍കുന്ന്, പയഞ്ചേരി, ചേളത്തൂര്‍ എന്നിവിടങ്ങളില്‍ ബോംബ് സ്ക്വാഡും പൊലിസും ഇന്നലെ വ്യാപക തിരച്ചിലും പരിശോധനയും നടത്തി. സമീപകാലത്ത് നിര്‍മിച്ചതാണ് പിടികൂടിയ ബോംബുകള്‍. സംഘര്ഷസാധ്യതകളുള്ള പ്രദേശങ്ങളില്‍ പൊലിസ് രാത്രികാല പട്രോളിങും നിരീക്ഷണവും കര്‍ശനമാക്കും. കീഴൂരും പരിസര പ്രദേശങ്ങളും പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."