ജില്ലാ പൊലിസ് മേധാവി തലശേരി സ്‌റ്റേഡിയം സന്ദര്‍ശിച്ചു
തലശേരി: ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ സുരക്ഷയ്ക്കും ട്രാഫിക് സംവിധാനം നിയന്ത്രിക്കാനുമായി 450 പൊലിസുകാരെ തലശേരിയില്‍ നിയോഗിക്കുമെന്ന് എസ്.പി ജി. ശിവവിക്രം. പാസുള്ളവരെ മാത്രമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. ഇരുചക്രവാഹനങ്ങള്‍ ഗ്രൗണ്ടിന് സമീപത്തേക്ക് വരാന്‍ അനുവദിക്കില്ല. മുനിസിപ്പല്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചായിരം മുതല്‍ ഇരുപതിനായിരം വരെ ആളുകള്‍ നഗരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. സ്‌റ്റേഡിയത്തില്‍ ബാരിക്കേഡുള്‍പ്പെടെയുള്ള സംവിധാനമുണ്ടാവും. സ്‌റ്റേഡിയത്തിനുള്ളില്‍ ആറ് മേഖലകളായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തുക. ഓരോ മേഖലയിലും വനിതാ പൊലിസുള്‍പ്പെടെ പ്രത്യേകസംഘത്തെ നിയോഗിക്കും.
ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആരെയും കയറാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് സ്‌റ്റേഡിയത്തില്‍ വരാനും പുറത്തേക്ക് പോവാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അന്നേദിവസം ട്രാഫിക് സംവിധാനത്തിലും മാറ്റമുണ്ടാവുമെന്നും എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."