'ഊര്‍മിള'യുടെ പിതൃത്വം ഇപ്പോഴും കോടതിയില്‍
പൊന്നാനി: കഴിഞ്ഞ 39 വര്‍ഷമായി വാര്യരുടെ കുടുംബം കാത്തിരിക്കുകയാണ്. നീതിക്കു വേണ്ടി. അധ്യാപകനായും എഴുത്തുകാരനായും ജീവിതം സമര്‍പ്പിച്ച പൊന്നാനി തൃക്കാവു ദേവി വിലാസത്തില്‍ ഗോവിന്ദ വാര്യര്‍ എന്ന സി ജെ വാര്യര്‍ സ്വന്തം നോവലിന്റെ പിതൃത്വം സ്ഥാപിച്ചു കിട്ടാനായി കോടതി കയറാന്‍ തുടങ്ങിയിട്ടു മുപ്പതാണ്ട് പിന്നിട്ടു . അവഹേളനവും അപഹാസ്യവും മാത്രം സര്‍ക്കാരില്‍ നിന്നു ലഭിച്ചപ്പോള്‍ ആ എഴുത്തുകാരന്‍ ഹൃദയം പൊട്ടി മരിച്ചിട്ടു 19 വര്‍ഷം പൂര്‍ത്തിയാകുന്നു. ഭാര്യയും മക്കളും കേസ് തുടര്‍ന്നു. പക്ഷേ കോടതിയും സര്‍ക്കാരും കനിഞ്ഞില്ല .
1987 മുതല്‍ 97 വരെ 10 വര്‍ഷക്കാലമാണു സി.ജെ വാര്യര്‍ രചിച്ച ഊര്‍മിള എന്ന ചെറു നോവല്‍ ഒമ്പതാം ക്ലാസില്‍ ഉപപാഠപുസ്തകമായി ഉള്‍പ്പെടുത്തിയത്. പുസ്തകത്തില്‍ ഗ്രന്ഥകാരന്റെ പേരു വെക്കാന്‍ വിദ്യാഭ്യാസ വകുപ്പു തയ്യാറായില്ല . ലക്ഷക്കണക്കിനു കോപ്പികള്‍ അച്ചടിച്ചിറക്കി കോടികള്‍ സര്‍ക്കാര്‍ മുതല്‍ക്കൂട്ടിയിട്ടും കഥാകൃത്തിനു ലഭിച്ചതു അവഹേളനവും പരിഹാസവും മാത്രം. 1973 ല്‍ നടന്ന സാഹിത്യ ശില്‍പ്പശാലയില്‍ പങ്കെടുത്ത മൂന്നു ദിവസങ്ങളില്‍ ലഭിച്ച തുച്ഛമായ യാത്രാബത്തയാണു കഥാരചനക്കു സി. ജെ വാര്യര്‍ക്ക് ആകെ ലഭിച്ച സമ്പാദ്യം .
1988 ല്‍ വിദ്യാഭ്യാസ വകുപ്പിനു സി.ജെ. വാര്യര്‍ പരാതി നല്‍കി. നിവേദനങ്ങള്‍ വെറും വാക്കുകളായതോടെ 1996 ല്‍ വിദ്യാഭ്യാസ വകുപ്പിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു . സര്‍ക്കാര്‍ ശില്‍പ്പശാലയിലെ ഉല്‍പ്പന്നമായതിനാല്‍ രചനയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന വിചിത്ര വാദമാണു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അതിനാല്‍ റോയല്‍റ്റിയിനത്തില്‍ ചില്ലിക്കാശു പോലും തരാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 1997 ല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
കോടതി ഇതു സംബന്ധമായി സര്‍ക്കാരിനോട് ഉടന്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു . എന്നാല്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ഇടതു ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ശരിയാക്കാമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കി. എന്നാല്‍ പിന്നീടു വന്ന സര്‍ക്കാരും അവഗണന തുടര്‍ന്നു.
കഥാകൃത്തിനോടു കാണിച്ച വഞ്ചനയ്ക്കു പുതിയ സര്‍ക്കാര്‍ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണു സി.ജെയുടെ ഭാര്യയും മക്കളും ചെറുമക്കളും . പുതിയ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നാണു വാര്യരുടെ കുടുംബം ഉറ്റു നോക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വിഷയത്തിന്റെ ഗൗരവം കുടുംബം ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട് .
1997 ആഗസ്ത് 12 നാണു വാര്യര്‍ മരണപ്പെട്ടത്. നിരവധി പുസ്തകങ്ങളുടെയും കവിതകളുടെയും രചയിതാവാണ്. 1976 ലാണു പൊന്നാനി എ വി ഹൈസ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ചത്. നേരത്തേ ഒറ്റപ്പാലത്തും പട്ടാമ്പി ചെമ്പ്രയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."