കലക്ടറുടെ യോഗം രാഷ്ട്രീയക്കാരുടെ വികൃതമുഖം രക്ഷിക്കാനെന്ന്
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘനം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത് അവസരവാദ രാഷട്രീയക്കാരുടെ വികൃതമുഖം രക്ഷിക്കാനാണെന്ന് ജലവകാശ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണനും വര്‍ക്കിങ് ചെയര്‍മാന്‍ വിളയോടി വേണുഗോപാലും അഭിപ്രായപ്പെട്ടു.
23 വര്‍ഷം മുന്‍പ് മൂന്ന് അസംബ്ലി കമ്മിറ്റികള്‍ കരാര്‍ലംഘനം സംബന്ധിച്ച് പഠനം നടത്തുകയും സ്ഥലം സന്ദര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്ത് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ചിതലരിക്കുമ്പോഴാണ് ഇപ്പോള്‍ ജില്ലാ കലക്ടറെ മുന്‍നിര്‍ത്തി കരാര്‍ലംഘനത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നത്.
അസംബ്ലി കമ്മിറ്റികള്‍ കണ്ടെത്തിയ നിയമലംഘനം മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തി പ്രശനം പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ പാലക്കാട് ജില്ലാ കലക്ടറെ വച്ചു ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് ഉണ്ടാക്കി തടിതപ്പാനായുള്ള ചില ജനപ്രതിനിധികളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം.
കാവേരി വെള്ളത്തില്‍ കീഴ്‌നദീതട അവകാശപ്രകാരം തമിഴ്‌നാടിന് 417 ടി.എം.സി വെള്ളം നിയമ പ്രകാരം വാങ്ങിയെടുക്കാമെങ്കില്‍ പറമ്പിക്കുളം വിഷയത്തില്‍ കേരളത്തിന് അവകാശപെട്ട വെള്ളം വാങ്ങാനും കഴിയും. ഇതിനു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈയെടുക്കണം. അല്ലാതെ ചര്‍ച്ചകള്‍ നടത്തിയത് കൊണ്ട് മാത്രം അവകാശപ്പെട്ട വെള്ളം കേരളത്തിന് വിട്ടുനല്‍കാന്‍ തമിഴ്‌നാട് തയ്യാറാവില്ല.
അതുകൊണ്ടു ജില്ലാ കലക്ടറെ ഈകാര്യത്തില്‍ ബലിയാടാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."