ജില്ലയില്‍ ആദ്യമായി പ്ലാസ്റ്റിക്ക് പുനര്‍നിര്‍മാണം നടത്തുന്ന ബ്ലോക്ക് പഞ്ചായത്തായി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട : ജില്ലയില്‍ ആദ്യമായി പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന പ്ലാന്റ് സ്ഥാപിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. കാറളം ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്ത് വ്യവസായിക കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റ് സെപ്തംബര്‍ 10 ന് ഉച്ചതിരിഞ്ഞ് നാലിന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് പ്രകൃതിയ്ക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംസ്‌ക്കരിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗ്രാമീണറോഡ് നിര്‍മ്മാണങ്ങളില്‍ 10 % വീതം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. പ്ലാന്റിലൂടെ സംസ്‌ക്കരിക്കുന്ന പ്ലാസ്റ്റിക്ക് രൂപമാറ്റം സംഭവിച്ച് ചെറിയ വലിപ്പത്തില്‍ ലഭിയ്ക്കുന്നതിനാല്‍ പ്ലാസ്റ്റിക്ക് പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നവര്‍ക്കും വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ എം.പി സി.എന്‍ ജയദേവന്‍ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യാതിഥികളായിരിക്കും.
ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ടി.എസ് സുബ്രഹ്മുണ്യന്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."