നെയ്യാറ്റിന്‍കരയിലെ കുടിവെള്ള പ്രശ്നം: പ്രത്യേക ഫണ്ട് ഉടനെന്ന് എം.എല്‍.എ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ജലസ്രോതസ്സുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക വികസനഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ അറിയിച്ചു.
മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം സംബന്ധിച്ച് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, കാരോട് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് എം.എല്‍.എ അറിയിച്ചു.
മേഖലയിലെ നിര്‍ദ്ദിഷ്ട കുടിവെള്ള പദ്ധതികളായ കുളത്തൂര്‍, കാരോട്, ചെങ്കല്‍ പദ്ധതിയും അതിയന്നൂര്‍, കോട്ടുകാല്‍ പദ്ധതിയും നടപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ കെ. വാസുകി നിര്‍ദ്ദേശം നല്കി.
കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. തണ്ണീര്‍ത്തട പരിപാലനത്തിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും ഊന്നിയ നടപടികളാണ് ആവശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."