മിഴാവ് സാംസ്‌കാരികോത്സവത്തില്‍ ഔഷധഗുണങ്ങളുള്ള കളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
ആലപ്പുഴ: പാടത്തും പറമ്പിലും വളരുന്ന കളകള്‍ മനുഷ്യനുപയോഗിക്കാവുന്ന മരുന്നും ഭക്ഷണവുമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് അന്നം ഔഷധം ആരോഗ്യ സുരക്ഷ മിഷന്‍ പ്രവര്‍ത്തകര്‍. അമ്പലപ്പുഴയില്‍ നടക്കുന്ന മിഴാവ് സാംസ്‌കാരികോല്‍സവ പ്രദര്‍ശനത്തിലുള്ള ഇവരുടെ സ്റ്റാളില്‍ കയറുന്നവര്‍ ആരും എന്തേ ഇത്രനാളായിട്ടും നമ്മളിതൊന്നും അറിഞ്ഞില്ലെന്ന് വിചാരിക്കും. വിജ്ഞാനത്തിനൊപ്പം ആരോഗ്യദായകമായ ഒരു പുതുവഴിയും നമ്മെ ഓര്‍മിപ്പിക്കുകയാണ് അന്നം ഔഷധം. ഇത്തരത്തിലുള്ള അറുപതോളം കളകളും മിഴാവിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മള്‍ നശിപ്പിച്ചു കളയുന്ന കളകളില്‍ പലതും ഭക്ഷ്യധാന്യമാണെന്നും ഔഷധമൂല്യമുള്ളതാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയ ഡോ.സജീവ്കുമാറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. പൊന്നാനിയിലെ പാരമ്പര്യ ഔഷധ കുടുംബത്തില്‍ നിന്നുള്ള സജീവ്കുമാര്‍ കോട്ടയം ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനാണ്. വനംവകുപ്പിന്റെ ഹോര്‍ത്തൂസ് മലബാറിക്കസ് സ്ഥാപനത്തിലും വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നു. അന്നത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററായി മിഴാവില്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത് ആലപ്പുഴക്കാരനായ അലിയാണ്.
മഷിത്തണ്ടില്‍ നിന്ന് ആരോഗ്യദായകമായ സാലഡ് ഉണ്ടാക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍ ഇന്ന് മിഴാവ് വേദിയില്‍ എത്തിയാല്‍ മതി.
അവിടെ മഷിത്തണ്ടും വാഴപ്പിണ്ടിയുമുപയോഗിച്ചുള്ള നല്ല സാലഡ് രുചിച്ചുനോക്കാം. ശരീരവേദനയ്ക്കും പനിക്കും ഉത്തമ ഔഷധമാണിതെന്നു മാത്രമല്ല കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്നാണ് ഇവരുടെ കണ്ടുപിടുത്തം. ഉപ്പും കുരുമുളകും ചെറുനാരങ്ങനീരും കാരറ്റും ചെറുതായരിഞ്ഞ മഷിത്തണ്ടും കൂട്ടി 10 മിനുട്ടോളം വച്ചശേഷം ഉപയോഗിച്ചാല്‍ ഉത്തമ ഔഷധത്തിനൊപ്പം മികച്ച ഒരു ഭക്ഷണവും തയ്യാര്‍. ഇതേ രീതിയില്‍ വാഴപ്പിണ്ടിയും ഉപയോഗിക്കാം.
കാല്‍മുട്ടുവേദനയ്ക്കും മറ്റും ചികില്‍സിച്ച് പണം കളഞ്ഞവര്‍ക്ക് പ്രയോഗിക്കാന്‍ ഇവരുടെ നിലമുരിങ്ങ തോരനോ പച്ചടിയോ ഉപയോഗിച്ചു നോക്കാം. എവിടെയും തഴച്ചുവളരുന്ന ഒരു തരം കളയാണ് നിലമുരിങ്ങ. നിലമുരിങ്ങ തോരന് പാകത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനൊപ്പം തൊലികളയാതെ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട് തോരനുണ്ടാക്കാം. കാല്‍മുട്ടിലെ ഫ്‌ളൂയിഡ് കുറയുന്നതിന് ഇതൊരു പരിഹാരമാണെന്നും ഉപയോഗിച്ചവരില്‍ കൂടുന്നതായും പഠനത്തില്‍ തെളിഞ്ഞതായും അലി പറയുന്നു.
ഇത്തരത്തില്‍ നാം ചവിട്ടിമെതിച്ചു കളയുന്ന കളകളെ എങ്ങിനെ ജീവിതത്തിന്റെ ഭാഗമാക്കാമെന്നും ആരോഗ്യദായകമായ ജീവിതം നയിക്കാമെന്നും പ്രചരണം നടത്തുകയാണ് അന്നം ഔഷധം. കഴിഞ്ഞ ഓണക്കാലത്ത് നിയമസഭ കാന്റീനില്‍ ഇവരുടെ ഇലക്കറി സദ്യയുടെ രുചിയറിഞ്ഞവരാണ് സ്പീക്കറും പല മന്ത്രിമാരുള്‍പ്പടെയുള്ള സാമാജികരും.
22 കളകള്‍ ഉപയോഗിച്ചുള്ളതായിരുന്നു വിഭവ സമൃദ്ധമായ സദ്യ. ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകവും സ്പീക്കര്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തുടനീളം നൂറോളം പ്രദര്‍ശനങ്ങളാണ് ഇതുവരെ അന്നം ഔഷധം സംഘടിപ്പിച്ചത്. ഇതൊരു ജീവിതമാര്‍ഗമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിഷന്‍ പ്രവര്‍ത്തകര്‍. ഇന്ന് സമാപിക്കുന്ന മിഴാവ് പ്രദര്‍ശനത്തില്‍ ഇവരുടെ സലാഡ് കഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."