കൈറ്റിന്റെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയായി
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ - എയിഡഡ് ഹൈസ്കൂളുകളിലെ മൂവായിരത്തോളം 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ദ്വിദിന ക്യാംപിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.
വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ആണ് അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്ഡ്വെയര്, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങി അഞ്ചുമേഖലകളില്‍ വിദഗ്ധ പരിശീലനം ഉള്‍പ്പെടുന്ന ഇ@ ഉത്സവ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ 71 കേന്ദ്രങ്ങളില്‍ 142 റിസോഴ്സ്പെഴ്സന്മാരെ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്.
സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്കരിച്ച് അഞ്ചു മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' 2017 ജനുവരിയിലാണ് രൂപീകരിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടം സ്കൂള്‍തലത്തില്‍ പരിശീലനം നല്കി. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന രണ്ടു ദിവസത്തെ പൊതുപരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നല്കി. ഇതിന്റെ തുടര്‍ച്ചയായാണ് അതത് മേഖലയിലുള്ള വിദഗ്ധ പരിശീലനം ലക്ഷ്യമിടുന്ന ഉത്സവ് സംഘടിപ്പിക്കുന്നത്.
പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗപ്പെടുത്തിയാണ് പരിശീലനം.
സൈബര്‍ മേഖലയിലെ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമാണ് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' കുട്ടികളുടെ ശൃംഖല.
പരിശീലനം ലഭിച്ച കുട്ടികളുടെ ആദ്യ തുടര്‍പ്രവര്‍ത്തനം സ്കൂളുകളിലെ മറ്റു കുട്ടികള്‍ക്ക് ഈ പരിശീലനം നല്‍കുക എന്നതാണ്. ഇതിന്റെ ഗുണം ചുരുങ്ങിയത് 10 ലക്ഷം വരും ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യക്ഷത്തില്‍ത്തന്നെ ലഭ്യമാക്കുമെന്ന് കൈറ്റ് വൈസ് ചെയര്മാന് കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ഇതിനുവേണ്ടിയുള്ള വീഡിയോ ട്യൂട്ടോറിയലുകള്‍ എല്ലാ സ്കൂളുകള്‍ക്കും കൈറ്റ് ലഭ്യമാക്കും. എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ആദ്യ ബാച്ചില്‍ 1790 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. അടുത്ത ബാച്ച് സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടക്കും. സ്കൂള്‍ തല പരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ക്യാംപില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."