മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വിശ്രമമില്ലാതെ ട്രാഫിക് പൊലിസ്
മൂന്നാര്‍: തുടര്‍ച്ചയായ അവധി ദിനങ്ങളുമായി ബന്ധപ്പെട്ടു വിനോദസഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുമ്പോള്‍ വിശ്രമിക്കാന്‍പോലും സമയമില്ലാതെ ജോലി ചെയ്യുകയാണ് ഇവിടത്തെ ട്രാഫിക് പൊലിസ്.
മൂന്നാറിലെ ഇടുങ്ങിയ റോഡുകളില്‍ ഗതാഗത നിയന്ത്രണത്തിനു പ്രത്യേക ട്രാഫിക് പൊലിസ് വിഭാഗംതന്നെ നിലവിലുണ്ട്. 12 പേരടങ്ങിയതാണ് ഈ വിഭാഗം.
എന്നാല്‍ ഏഴുപേര്‍ മാത്രമാണു നിലവിലുള്ളത്. സാധാരണ ദിവസങ്ങളില്‍ ഇവര്‍ക്കു കഠിനാധ്വാനമൊന്നും വേണ്ടിവരുന്നില്ലെങ്കിലും ഉല്‍സവ സീസണുകളിലും തുടര്‍ച്ചയായുള്ള അവധി ദിനങ്ങളിലും വിശ്രമമില്ലാത്ത ജോലിയാണിവര്‍ക്ക്. സാധാരണ ജോലിസമയം കഴിഞ്ഞിട്ടും മണിക്കൂറുകള്‍ വീണ്ടും ജോലി തുടരേണ്ട സ്ഥിതിയുമാണ്.
ഓണത്തിനും തൊട്ടടുത്ത ദിവസവുമൊക്കെ പൊതുനിരത്തുകളിലുള്ള ഇവരുടെ ജോലി രാത്രി 10 വരെ നീണ്ടു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി റോഡിലെ വാഹനക്കുരുക്ക് രാത്രി പത്തിനാണ് അവസാനിച്ചത്. പൊതുവേ റോഡിനു വീതി കുറവാണ്. അനധികൃത വാഹന പാര്‍ക്കിങ് കൂടിയാകുമ്പോള്‍ മൂന്നാര്‍ ടൗണില്‍ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതിനൊപ്പം ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ ബസുകള്‍ നിരയായി ഏറെ നേരം നിര്‍ത്തിയിടുന്നതും ചില സ്വകാര്യ ബസുകള്‍ തിരക്കിനിടയിലും ടൗണിലിട്ടു തിരിക്കുന്നതും ഗതാഗതക്കുരുക്കു വര്‍ധിക്കാന്‍ കാരണമാവുന്നു. മൂന്നാര്‍ ടൗണില്‍ ട്രാഫിക് പൊലിസിന്റെ സാന്നിധ്യം ആവശ്യമായ 20 പോയിന്റുകളാണു കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍, പൊലിസിന്റെ എണ്ണക്കുറവു നിമിത്തം 15 പോയിന്റുകളില്‍പോലും ആളെ ഡ്യൂട്ടിക്കിടാന്‍ കഴിയാത്ത സ്ഥിതിയാണ്. എ.ആര്‍ ക്യാംപില്‍നിന്നുള്ള പൊലിസിന്റെ സേവനംകൂടി വിട്ടുകിട്ടിയതോടെയാണ് ഓണനാളുകളിലെ വാഹനക്കുരുക്ക് ഒരുവിധം അഴിക്കാനായത്. ടൗണില്‍ പൊലിസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പലതും പ്രവര്‍ത്തനം നിലച്ചു കിടക്കുന്നതിനാല്‍ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ട്രാഫിക് നിയന്ത്രണവും മൈക്ക് അനൗണ്‍സ്‌മെന്റും സാധ്യമാവുന്നില്ല.
ടൗണിലെ അനധികൃത പാര്‍ക്കിങ്ങിനും വഴിവാണിഭങ്ങള്‍ക്കും പരിഹാരമുണ്ടാക്കിയാല്‍ മാത്രമേ ട്രാഫിക് പൊലിസിനും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ഉല്‍സവത്തിരക്കു കുറയുന്നതോടെ പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങ്ങിനും രേഖകളില്ലാതെ ഓടുന്ന വാഹനങ്ങള്‍ക്കും എതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. നടപടികള്‍ ഇപ്പോഴേ ആരംഭിച്ചാല്‍ മാത്രമേ വരാന്‍പോവുന്ന നീലക്കുറിഞ്ഞിപ്പൂക്കാലത്തെ ഗതാഗതം സുഗമമാക്കാനാവുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."