അന്തേവാസികള്‍ക്ക് ഒരു നേരത്തെ ആഹാരവുമായി സി.എസ്.ഐ പ്രസ്ഥാനം
തൊടുപുഴ: മേലുകാവുമറ്റം സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി ബേക്കര്‍ഡേല്‍ പ്രസ്ഥാനം മാസം തോറും നടത്തിവരുന്ന 'ഒരു നേരത്തെ ആഹാരം' എന്ന പദ്ധതിയുടെ 50-ാമത് പരിപാടി ഇന്ന് തൊടുപുഴക്ക് സമീപം പാറയിലെ പ്രത്യാശാ ഭവനില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ മാസവും ഏതെങ്കിലും ഒരു ആതുരാലയത്തില്‍ ഒരു നേരത്തെ ആഹാരം അവിടത്തെ അന്തേവാസികളുമായി പങ്കുവെക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ 35ഓളം സ്ഥാപനങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു. ഏകദേശം 10,000 രൂപയാണ് ഒരു നേരത്തെ ആഹാരത്തിന്റെ ശരാശരി ചെലവ്.
സംഘടനാംഗങ്ങളില്‍ നിന്നും സഭാംഗങ്ങളില്‍ നിന്നുമുള്ള സംഭാവനകളില്‍ നിന്നാണ് ഇതിനുള്ള ചെലവ് കണ്ടെത്തുന്നത്.
ഇന്ന് രാവിലെ 11ന് പ്രത്യാശ ഭവനില്‍ നടക്കുന്ന ആഘോഷം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ഡോ.കെ ജി ദാനിയേല്‍ അധ്യക്ഷനാവും. പൊതുസമ്മേളനത്തിനു ശേഷം ഓണസദ്യയും അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറും.
ബേക്കര്‍ഡേല്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോസലിന്‍ പി ചാക്കോ, വൈസ് പ്രസിഡന്റ് പോള്‍ അലക്സ്, സെക്രട്ടറി മനു ജോണ്സണ്, ട്രഷറര്‍ അമല്‍ സെബാസ്റ്റ്യന്‍, സഭാ ട്രസ്റ്റി അലക്സ് പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."