ജനമൈത്രി പൊലിസ് സംവിധാനം അവതാളത്തില്‍
നാദാപുരം: സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയും പൊതുജനങ്ങളോടു ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയും പൊലിസ് സേനയെ ജനകീയമാക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ജനമൈത്രി പൊലിസ് സംവിധാനം അവതാളത്തില്‍. ആവശ്യമായ സര്‍ക്കാര്‍ സഹായത്തിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും അഭാവമാണു പദ്ധതിയെ തകര്‍ച്ചയിലേക്കു നയിക്കുന്നത്.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ സുരക്ഷയും പ്രാദേശിക മേഖലയിലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെ പരിഹരിക്കുകയും ലക്ഷ്യമിട്ട് 2008ലാണ് പൊലിസ് സേനയില്‍ ഈ സംവിധാനം കൊണ്ടുവന്നത്.
തുടക്കത്തില്‍ തിരഞ്ഞെടുത്ത 20 പൊലിസ് സ്റ്റേഷനുകളിലാണു പദ്ധതി നടപ്പാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തോടെ കേരളത്തിലെ 248 പൊലിസ് സ്റ്റേഷനുകളിലേക്കു പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി.
കോസ്റ്റല്‍ വിജിലന്‍സ് വിഭാഗവും റോഡ് സുരക്ഷാ വിഭാഗവും ജനമൈത്രി പൊലിസിനു കീഴില്‍വരുന്ന മറ്റു പ്രവര്‍ത്തനങ്ങളാണ്. ജനമൈത്രി പ്രോജക്ടിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി കേന്ദ്രങ്ങളാണു ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്റ്റേഷന്‍ കേന്ദ്രീകരിച്ചു പ്രത്യേക പരിശീലനം നേടിയ ബീറ്റ് ഓഫിസര്‍ക്കായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. പരിശീലനം നേടിയ 236 ബീറ്റ് ഓഫിസര്‍മാരെ ഇതിനായി നിയമിച്ചിരുന്നു.
എന്നാല്‍, സ്റ്റേഷന്‍ ഏരിയയുടെ ഭൂവിസ്തൃതിക്കനുസരിച്ചുള്ള ഓഫിസര്‍മാര്‍ സ്റ്റേഷനുകളില്‍ ഇല്ലാതിരിക്കുകയും നേരത്തെ പരിശീലനം നേടിയ പലരും വിവിധ ഭാഗങ്ങളിലേക്കു സ്ഥലം മാറിപ്പോവുകയും ചെയ്തതോടെ പദ്ധതി നടപ്പാക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.
നേരത്തെ, ലഹരിക്കടിമപ്പെടുന്നവര്‍ക്കും വഴിതെറ്റുന്ന യുവതലമുറയ്ക്കും ബോധവല്‍ക്കരണം നല്‍കി പൊലിസ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ജനമൈത്രി പൊലിസ് സംവിധാനം താറുമാറാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."