ഏതുതരം ഭക്ഷണവും കഴിക്കുന്നതിനു ഒരു വിലക്കും കേരളത്തിലില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏതുതരം ഭക്ഷണവും കഴിക്കുന്നതിന് നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ കേരളത്തില്‍ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പുമ്പോഴും വിഭവങ്ങളിലുണ്ടാവും വലിയ വൈവിദ്ധ്യങ്ങള്‍. തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് പിണറായി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല
സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിക്കും അതീതമായി നാടിന്റെ ഉത്സവമാണ്.
ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ ഭക്ഷണത്തിലുമുണ്ട് കേരളത്തിന്റെ പ്രാദേശിക വൈവിദ്ധ്യവും സാംസ്കാരികത്തനിമയും. എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പുമ്പോഴും വിഭവങ്ങളിലുണ്ടാവും വലിയ വൈവിദ്ധ്യങ്ങള്‍.
തെക്കന്‍ കേരളത്തില്‍ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാർക്കോ വിദേശികൾക്കോ ഒരു വിലക്കും കേരളത്തിലില്ല.
സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്കാരിക സവിശേഷത കാത്തു സൂക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."