അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ ചൊല്ലി രാഷ്ട്രീയയുദ്ധം
തിരുവനന്തപുരം: അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയിലിന്റെ അഭിപ്രായപ്രകടനം ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കി.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച 1952ലെ ഉത്തരവ് പരിഷ്‌കരിച്ച് പുതിയ ഉത്തരവിറക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നു.
കാലിക പ്രാധാന്യമില്ലാത്ത വിഷയമാണിതെന്നും ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. അഹിന്ദുക്കള്‍ക്കു ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ ഏകപക്ഷീയ തീരുമാനം എടുക്കാനാകില്ലെന്ന നിലപാടുമായി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണപിള്ളയും വിഷയത്തില്‍ കക്ഷിചേര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച് വാദപ്രതിവാദം ശക്തമായത്.
ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതിനല്‍കുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
എന്നാല്‍, ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന നിരവധി അഹിന്ദുക്കള്‍ക്ക് ഇതിന് സാധ്യമല്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്.
മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ദേവസ്വംബോര്‍ഡിന്റെ ചുമതലയല്ലെന്നും അജയ് തറയില്‍ പറഞ്ഞു. എന്നാല്‍, സാമൂഹിക പ്രസക്തമല്ലാത്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കുകയാണ് അജയ് തറയിലെന്ന് കടകംപള്ളി പറഞ്ഞു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇത്തരമൊരു വിലക്കില്ല. വിവാദത്തിന് വേണ്ടി മാത്രമാണ് അജയ് തറയില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
അതേസമയം, ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. ശബരിമലയില്‍ മറ്റു മതക്കാര്‍ പ്രവേശിക്കുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."