ഓണം വാരാഘോഷത്തിന് സമാപനം
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്.
വൈകിട്ട് അഞ്ചുമണിയോടെ വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാദ്യോപകരണമായ 'കൊമ്പ് 'മുഖ്യകലാകാരന് കൈമാറിയതോടെ മേളപ്പെരുക്കം ആരംഭിച്ചു.
ആദ്യം അശ്വാരൂഢസേന. പിന്നില്‍ കേരളീയ വേഷം ധരിച്ച് മുത്തുക്കുടയേന്തിയ 100 പുരുഷന്‍മാര്‍ അണിനിരന്നു. അവരോടൊപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി. തുടര്‍ന്ന് അണിമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, അതിനും പിന്നിലായി കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി എന്നിവയോടൊപ്പം തനതുമേളങ്ങളുടെ അകമ്പടിയില്‍ പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കൊട എന്നിവ ആടിത്തിമിര്‍ത്തതോടെ ഘോഷയാത്രയുടെ ആരവം കാണികളിലേയ്ക്കും പടര്‍ന്നു. മന്ത്രിമാരായ കെ. രാജു, കെ.കെ ശൈലജ, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, ബി. സത്യന്‍, സി.കെ ഹരീന്ദ്രന്‍, കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ടൂറിസം സെക്രട്ടറി വേണു, ജില്ലാ കലക്ടര്‍ ഡോ.വാസുകി, ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍, അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ജാഫര്‍ മാലിക്, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ. ശ്രീലേഖ എന്നിവരും സമാപന ഘോഷയാത്ര വീക്ഷിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."