കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പി.സി ജോര്‍ജിനെതിരേ മൊഴി നല്‍കി
നെടുമ്പാശ്ശേരി: പള്‍സര്‍ സുനിയും സംഘവും ആക്രമിച്ച നടി പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരേ മൊഴി നല്‍കി. പി.സി ജോര്‍ജ് പരസ്യമായി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കു മാനഹാനിയുണ്ടാക്കിയെന്നും തനിക്കെതിരായ പ്രചരണത്തിനു ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും നടി പൊലിസിനെ അറിയിച്ചു.
മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. അതു സാധാരണക്കാര്‍ക്കിടയില്‍ സംശയത്തിന് ഇടനല്‍കുന്നതായിരുന്നു. യുട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ഇപ്പോഴുമുണ്ട്.
താന്‍ മാനസികമായി തകര്‍ന്നിരുന്ന സാഹചര്യത്തില്‍ ഒരുപാടു വേദനിപ്പിച്ച ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പൊറുക്കാന്‍ കഴിയുന്നതല്ലെന്നു നടി പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജോര്‍ജ് തന്നെ പിന്തുണക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതു മറന്നു കൊണ്ടാണ് അദ്ദേഹം പെരുമാറിയത്. സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വപെട്ടയാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞതെന്നു മനസിലാകുന്നില്ല. സമൂഹത്തിലെ പ്രബലര്‍ സ്ത്രീത്വത്തെ ഇത്തരത്തില്‍ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണ്.
ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നു നിയമമുണ്ടായിരിക്കെ താന്‍ ആരാണെന്നു വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ആക്രമണം നേരിട്ടതിനുശേഷം സുഹൃത്തുക്കളും ബന്ധുക്കളും സിനിമാമേഖലയിലുള്ളവരും നേരിട്ടും ഫോണില്‍ വിളിച്ചും നല്‍കിയ പിന്തുണയിലാണു തനിക്ക് ആക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷപ്പെട്ട് അഭിനയരംഗത്തേയ്ക്കു തിരിച്ചെത്താന്‍ കഴിഞ്ഞത്. അതുപോലും ക്രൂരമായാണ് പി.സി.ജോര്‍ജ് വളച്ചൊടിച്ചതെന്നു നടി മൊഴി നല്‍കി.
നടി ക്രുരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങിനെയാണ് അടുത്ത ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതെന്നായിരുന്നു ജോര്‍ജ് ചോദിച്ചത്. താന്‍ ആക്രമണത്തിനു വിധേയയായ ശേഷം അറിഞ്ഞും അറിയാതെയും പേരു വെളിപ്പെടുത്തിയവര്‍ക്കൊക്കെ എതിരേ പൊലിസ് സ്വമേധയാ കേസെടുത്തു. ജോര്‍ജിനെതിരേ നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണു നടി മുഖ്യമന്ത്രിക്ക്
ഇ മെയില്‍വഴി പരാതി നല്‍കിയത്. അത് അദ്ദേഹം കൂടുതല്‍ അന്വേഷണത്തിനായി പൊലിസിനു കൈമാറുകയായിരുന്നു.
നടിയുടെ മൊഴി പരിശോധിച്ചു വരികയാണെന്നു നെടുമ്പാശ്ശേരി സി.ഐ പി.പി.ഷൈജു പറഞ്ഞു. നേരത്തേ നല്‍കിയ പരാതിയില്‍ നടി ഉറച്ചുനില്‍ക്കുകയാണോയെന്നുകൂടി അറിയാനാണു പൊലിസ് എത്തിയത്. ഇ മെയിലിന്റെ കോപ്പി കൈയില്‍ കരുതിയ പോലീസ് ഇത് നടി തന്നെ നേരിട്ട് അയച്ചതാണോ എന്നാണ് ആദ്യം ചോദിച്ചറിഞ്ഞത്. താന്‍ നേരിട്ട് അയച്ച പരാതിയാണെന്ന് നടി പറഞ്ഞു.
നടി പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പി.സി.ജോര്‍ജിനെതിരേ നടപടി സ്വീകരിക്കേണ്ടിവരും.ി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ക്ലിപ്പുകളും, പത്ര വാര്‍ത്തകളും വിശദമായി പോലീസ് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."