ചെന്നിത്തലയേക്കാള്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി; വിവാദപ്രസ്താവന തിരുത്തി അസീസ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന പ്രസ്താവന തിരുത്തി ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ അസീസ്. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസ്താവന. പറഞ്ഞു വിവാദമായപ്പോള്‍ മാധ്യമങ്ങളെ പഴിച്ചു തടിതപ്പാന്‍ ശ്രമിക്കുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിയെപ്പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്കു രമേശ് ചെന്നിത്തലയ്ക്കില്ലെന്നായിരുന്നു അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് ആര്‍.എസ്.പി നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ല.
ഉമ്മന്‍ചാണ്ടിക്കു കിട്ടുന്ന പരിഗണനയോ ജനകീയപിന്തുണയോ രമേശിനു ലഭിക്കില്ല. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്കിടയില്‍ മാത്രമല്ല, കോണ്‍ഗ്രസില്‍തന്നെ ഭൂരിപക്ഷാഭിപ്രായമുണ്ടെന്നും അസീസ് പറഞ്ഞു.
പ്രസ്താവന വിവാദമായതോടെയാണ് അസീസ് വിശദീകരണവുമായി രംഗത്തു വന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്നു പറഞ്ഞിട്ടില്ലെന്നും അസീസ് പിന്നീടു വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."