സ്വതന്ത്രനിലപാട് മാറ്റി, കേരള ജെ.ഡി.യു യാദവിനൊപ്പം
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ചേര്‍ന്ന പാര്‍ട്ടി ദേശീയാധ്യക്ഷന്‍ നിതീഷ് കുമാറിനെ കൈവിട്ട് എതിര്‍പക്ഷത്തു നില്‍ക്കുന്ന മുന്‍ ദേശീയാധ്യക്ഷന്‍ ശരദ് യാദവിനെ പിന്തുണയ്ക്കാന്‍ ഒടുവില്‍ ജെ.ഡി.യു കേരളഘടകം തീരുമാനിച്ചു. ഇരുപക്ഷത്തെയും അവഗണിച്ചു സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ആദ്യ നിലപാട്. ഇതു സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയ്ക്കു വഴിവച്ചിരുന്നു.
കഴിഞ്ഞദിവസം ശരത് യാദവിനെ കണ്ട വീരേന്ദ്രകുമാര്‍ അദ്ദേഹത്തിനു കേരളഘടകത്തിന്റെ പിന്തുണ അറിയിച്ചു കഴിഞ്ഞു. അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ശരദ് യാദവ് പക്ഷത്തിന്റെ ദേശീയകൗണ്‍സിലില്‍ വീരേന്ദ്രകുമാറുള്‍പ്പെടെയുള്ള കേരളനേതാക്കള്‍ പങ്കെടുക്കും.
ദേശീയതലത്തില്‍ പാര്‍ട്ടി പിളര്‍പ്പിലേയ്ക്കു നീങ്ങുമ്പോള്‍ അക്കാര്യത്തില്‍ ഇടപടാതെ സ്വതന്ത്രമായി നില്‍ക്കുകയും സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തോടു സഹകരിക്കുകയും ചെയ്യണമെന്നായിരുന്നു നേരത്തേ വീരേന്ദ്രകുമാറിന്റെ നിലപാട്. ശരദ് യാദവിനൊപ്പം നില്‍ക്കില്ലെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിതീഷ് കുമാറുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിതെന്നായിരുന്നു റിപ്പോര്‍ട്ട്. നിതീഷിനു ഭീഷണിയുണ്ടാകാത്ത സമീപനം സ്വീകരിച്ചാല്‍ രാജ്യസഭാംഗത്വം നഷടപ്പെടാതെ സൂക്ഷിക്കാമെന്നും ജെ.ഡി.യു കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമായതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യം ലഭിക്കുകയാണെങ്കില്‍ അതു വീരേന്ദ്രകുമാറിനാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ജെ.ഡി.യു പാടേ തഴയപ്പെട്ടു. കേരളത്തില്‍നിന്നു കണ്ണന്താനം മന്ത്രിയാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണു ജെ.ഡി.യു കേരളഘടകം നിഷ്പക്ഷനിലപാടു മാറ്റി പക്ഷം ചേരാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മര്‍ദം മൂലമാണു നിലപാടില്‍ മാറ്റം വരുത്തിയതെന്നും കേള്‍ക്കുന്നു.
ശരദ്‌യാദവിനെ പിന്തുണച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്നു ജെ.ഡി.യുവിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായ വര്‍ഗീസ് ജോര്‍ജ് അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാന സമിതി യോഗത്തിനു പിന്നാലെ വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഡല്‍ഹിയിലെത്തി ശരദ് യാദവിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി വീരേന്ദ്രകുമാര്‍ ശരദ് യാദവിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
തന്റെ എം.പി സ്ഥാനം ഇല്ലാതാക്കാന്‍ നിതീഷ് കുമാര്‍ നടത്തുന്ന നീക്കങ്ങള്‍ നേരിടാന്‍ ശരദ് യാദവിന്റെ പിന്തുണ വീരേന്ദ്രകുമാര്‍ തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട ഉടനെ വിമര്‍ശനവുമായി രംഗത്തെത്തിയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍.
നിതീഷ് കുമാറിന്റെ നീക്കത്തോടു യോജിക്കുന്നില്ലെന്നും നിതീഷിനെ തള്ളിപ്പറയാന്‍ ജെ.ഡി.യു എം.പിമാര്‍ തയാറാകണമെന്നും വേണ്ടിവന്നാല്‍ രാജ്യസഭാംഗത്വം താന്‍ രാജിവയ്ക്കുമെന്നും വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."