ജൂലൈയിലെ ജി.എസ്.ടി.ആര്-1 ഫയല്‍ ചെയ്യാനുള്ള തിയതി നീട്ടി
ഹൈദരാബാദ്: ജൂലൈ മാസത്തിലെ ജി.എസ്.ടി.ആര്-1 ഫയല്‍ ചെയ്യാനുള്ള തിയതി നീട്ടി. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ നീട്ടിയത്. ഇന്നലെ ഹൈദരാബാദില്‍ ചേര്‍ന്ന 21ാം ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതിക തകരാര്‍ കാരണം ഫയല്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് തിയതി നീട്ടാന്‍ തീരുമാനിച്ചത്.
സാങ്കേതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടി അഞ്ചംഗ മന്ത്രിതല സമിതിയെയും യോഗം തെരഞ്ഞെടുത്തു. നികുതി ഫയല്‍ ചെയ്യാനുള്ള ജി.എസ്.ടി നെറ്റ്വര്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉന്നയിച്ചു.
മൊത്തം 45 ലക്ഷം നികുതിദായകര്‍ ജി.എസ്.ടിയില്‍ (ജി.എസ്.ടി-3ബി) രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും വെള്ളിയാഴ്ച വരെ ആദ്യഘട്ടമായ ജി.എസ്.ടി.ആര്-1 ഫയല്‍ ചെയ്തത് 17 ലക്ഷം പേര് മാത്രമാണ്. ജി.എസ്.ടി പോര്‍ട്ടല്‍ ഇടയ്ക്കിടെ തകരാറിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരുവട്ടം നീട്ടിനല്‍കിയെങ്കിലും പിന്നെയും ശരിയായില്ല.
ഇതേത്തുടര്‍ന്നാണ് വീണ്ടും തിയതി നീട്ടിയത്. ജി.എസ്.ടി.ആര്-2 ഉം സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ 10 നു തന്നെയാണ്. ജി.എസ്.ടി.ആര്-3 സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ 15 നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."