ഗുഡ്ഗാവില്‍ ഏഴ് വയസുകാരന്റെ കൊലപാതകം: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു
ഗുഡ്ഗാവ്: ഡല്‍ഹിക്കടുത്ത ഗുര്‍ഗോണില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും അറസ്റ്റിലായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അലറിക്കരഞ്ഞതോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലിസ് അറിയിച്ചു.
അതിനിടയില്‍ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രക്ഷിതാക്കളുടെ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ആക്ടിങ് പ്രിന്‍സിപ്പല്‍ നീരജ് ബത്രയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ സ്‌കൂളിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഗുര്‍ഗോണ്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ സിമര്‍ദീപ് സിങ് അറിയിച്ചു.
ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു സംഭവം സ്‌കൂളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇതിനായി പൊലിസിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളിലുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി സി.ബി.എസ്. ഇ വക്താവ് രമാ ശര്‍മ അറിയിച്ചു. എന്നാല്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്ത് രക്ഷപ്പെടാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപണംഉന്നയിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."