ഗുരുവായൂര്‍ ക്ഷേത്രം: അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്കായി 17.21 ലക്ഷം
ഗുരുവായൂര്‍: ക്ഷേത്രത്തിലെ അഷ്ടമിരോഹിണി രോഹിണി ആഘോഷങ്ങള്‍ക്കായി 17,21,000 രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയതായി ഭരണസമിതി അംഗങ്ങള്‍ പ്രതസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 12 നാണ് അഷ്ടമി രോഹിണി. അന്ന് 4,39,680 രൂപയ്ക്കുള്ള അപ്പം തയാറാക്കും. അപ്പത്തിനായി 20 രൂപയുടെ മൂന്ന് ശീട്ട് വരെയാണ് ഒരു 'ഭക്തന് ലഭിക്കുക. അപ്പം ശീട്ടാക്കുന്നതിനായി തലേന്ന് വൈകുന്നേരം 5 മുതല്‍ പ്രത്യേകം കൗണ്ടര്‍ പ്രവര്‍ത്തിക്കും. 4,39,680 രൂപയുടെ പാല് പായസവും അന്ന് ഭക്തര്‍ക്ക് ശീട്ടാക്കുവാന്‍ കഴിയും. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മുഴുവന്‍ പിറന്നാള്‍ സദ്യ നല്‍കും. മുപ്പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. തെക്കേനടയില്‍ നിര്‍മിക്കുന്ന താല്കാലിക പന്തലിലും അന്നലക്ഷ്മി ഹാളിലുമാണ് പ്രസാദ ഊട്ട് നല്‍കുക.
രാവിലെ 9ന് ആരംഭിക്കുന്ന പ്രസാദം ഊട്ട് വൈകിട്ട് നാല് വരെയുണ്ടാകും. ഒരേസമയം 1700 പേര്‍ക്ക് പ്രസാദം ഊട്ട് കഴിക്കാനാകും. സന്ധ്യയ്ക്ക് ക്ഷേത്രത്തിനു പുറത്ത് കിഴക്കേനടയിലും പടിഞ്ഞാറേ നടയിലും വിശേഷാല്‍ ദീപസ്തംഭം തെളിയിക്കലും ക്ഷേത്രപരിസരത്ത് വൈദ്യുതി അലങ്കാരങ്ങളും ഉണ്ടാകും. വൈദ്യുതി ദീപാലങ്കാരത്തിനു 1,94,420 രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. മൂന്ന് നേരവും കാഴ്ചശീവേലിക്ക് സ്വര്‍ണക്കോലം എഴുന്നള്ളിക്കും. രാവിലെ ഗജരത്നം പത്മനാഭനും ഉച്ചയ്ക്ക് വലിയകേശവനും രാത്രി ഇന്ദ്രശനും കോലമേറ്റും.
വൈകിട്ട് സാംസ്കാരിക സമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം ചെണ്ട കലാകാരന് ശ്രീധരന് നായര്‍ക്ക് ഗവര്‍ണര്‍ സമ്മാനിക്കും. മന്ത്രി കടകംപിള്ളി സുരേന്ദ്രന്, സുരേഷ് ഗോപി എം.പി എന്നിവര്‍ സംബന്ധിക്കും. നവതി ആഘോഷിക്കുന്ന ഡോ.എം.ലീലാവതിയെ സുവര്‍ണ മുദ്രയും പ്രശസ്തി ഫലകവും മംഗള പത്രവും നല്കി ആദരിക്കും. ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്, പബ്ലിക്കേഷന്‍സ് മാനേജര്‍ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."