നിരത്തിലിറങ്ങിയിട്ട് 90 ലേക്ക് അടുക്കുന്നു, ഭാവമാറ്റമില്ലാതെ ഷെവര്‍ലെ മുത്തശ്ശി
കൊച്ചി: ഓടിപ്പായാന്‍ തുടങ്ങിയിട്ട് വര്‍ഷം 88 ആയെങ്കിലും നൂറ്റാണ്ടിന്റെ പഴക്കമുള്ള കാര്‍ കമ്പനിയില്‍ നിന്ന് പിറവിയെടുത്ത ഷെവര്‍ലെ മുത്തശ്ശിക്ക് ഭാവമാറ്റമൊന്നുമില്ല. എറണാകുളം രാജേന്ദ്രമൈതാനിയില്‍ പുരോഗമിക്കുന്ന മൂന്നാമത് ഹെറിറ്റേജ് മോട്ടോര്‍ ഷോയിലാണ് സന്ദര്‍ശകര്‍ക്ക് കൗതുകമായി ഈ വാഹനം തലയെടുപ്പോടെ നില്‍ക്കുന്നത്. പ്രായം ഏറെ ആയെങ്കിലും ഇപ്പോഴും യാത്രയ്ക്ക് തയാറാണ്, മേളയ്‌ക്കെത്തിയതും നിരത്തിലൂടെ യാത്ര ചെയ്തുതന്നെ.
1911 ല്‍ ജന്മമെടുത്ത ഷെവര്‍ലെ കമ്പനി 1929ല്‍ ലോകോത്തര രൂപഭംഗിയും മികവുറ്റ സാങ്കേതിക വിദ്യയും അവകാശപ്പെട്ട് പുറത്തിറക്കിയ ഈ വാഹനം ഇന്നുള്ളത് ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ്. എറണാകുളത്ത് ബാങ്ക് ഉദ്യോഗസ്ഥനായ പേഴ്‌സി ജോസഫ് ആന്ധ്രയില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. എ.ബി.എക്‌സ് 7149 എന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് പഴമ വിളിച്ചറിയിക്കുന്നത്. ആന്ധ്രയില്‍ നിന്ന് നിരത്തിലൂടെ ഓടിതന്നെയാണ് ഇവന്‍ കേരളത്തിലെത്തിയതും.
മറ്റു വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലേറ്ററാണ് വാഹനത്തെ വേറിട്ടുനിര്‍ത്തുന്നത്. പോയകാലത്തെ സൈക്കിള്‍ റിക്ഷ പോലെയാണ് ഇതിന്റെ രൂപകല്‍പന. മുന്‍ സീറ്റില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ക്കും പിന്‍ സീറ്റില്‍ മൂന്ന് പേര്‍ക്കും യാത്രചെയ്യാന്‍ സാധിക്കും. ബള്‍ബ് ഹോണും ഹെഡ്‌ലൈറ്റുകളുമൊക്കെ മറ്റ് വാഹനങ്ങളില്‍ നിന്നും ഈ മുത്തശ്ശി വാഹനത്തെ വ്യത്യസ്തമാക്കുന്നു.
വാഹനത്തില്‍ കയറാനും സെല്‍ഫി എടുക്കാനുമൊക്കെ ഇന്നലെ നിരവധിപേരാണ് തടിച്ചുകൂടിയത്. 1928ല്‍ പുറത്തിറങ്ങിയ ഫോര്‍ഡ് കാറും മേളയ്‌ക്കെത്തിയിട്ടുണ്ട്.
ഫിയറ്റ് ടിപ്പോ 1919, ഡോഡോജ് കിങ് വേ 1956, ഫിയറ്റ് ടോപ്പോലിനോ 1954 തുടങ്ങിയ 50 കഌസിക് വിന്റേജ് കാറുകള്‍, ഫന്റാബുലസ് 1966, ട്രയംഫ് 1948, ബിഎസ്എ 1951, മാച്ച്‌ലെസ് 1954, എജെഎസ് 1955, ഏരിയല്‍ 1956, ലാംബ്രെട്ട 1951 തുടങ്ങി 40 ബൈക്ക്-സ്‌കൂട്ടര്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
ഇന്ന് മേളയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ക്കുപുറമേ പരമ്പരാഗത കലകളുടെ അവതരണവും ഉണ്ടാകും. വിന്റേജ് കാറുകളില്‍ യാത്രയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്. ബൈക്ക് യാത്ര, ഫുഡ് സ്റ്റാള്‍, ഫോട്ടോപ്രദര്‍ശനം, മിനിയേച്ചര്‍ വിന്റേജ് കാര്‍, ബൈക്കുകള്‍, വിന്റേജ് ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. കൊച്ചിന്‍ വിന്റേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."