കര്‍ണാടകയില്‍ മിനി ലോറി തടഞ്ഞ് മലയാളിവ്യാപാരിയുടെ രണ്ടര ലക്ഷം കവര്‍ന്നു
കല്‍പറ്റ: ദേശീയപാത 766ല്‍ കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനു സമീപം മിനി ലോറി തടഞ്ഞ അഞ്ചംഗ സംഘം പച്ചക്കറി വ്യാപാരിയുടെ രണ്ടര ലക്ഷം രൂപ കവര്‍ന്നു. ലോറി ഡ്രൈവറെ ജാക്കി ലിവറിനു തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മീനങ്ങാടിയിലെ സി.പി വെജിറ്റബിള്‍സ് ഉടമ കോഴിക്കോട് നരിക്കുനി പഴക്കര മുഹമ്മദിന്റെ(50) കൈവശമുണ്ടായിരുന്ന പണമാണ് അപഹരിച്ചത്. ഡ്രൈവര്‍ മീനങ്ങാടി സ്വദേശി സലാമിനാണ്(35) തലയ്ക്കടിയേറ്റത്. മുഹമ്മദിന്റെ പരാതിയില്‍ കേസെടുത്ത നഞ്ചന്‍ഗോഡ് റൂറല്‍ പൊലിസ് അന്വേഷണം തുടങ്ങി.
പച്ചക്കറികള്‍ വാങ്ങുന്നതിന് മൈസൂരുവിലേക്ക് പോകുകയായിരുന്നു മുഹമ്മദും സലാമും. നമ്പര്‍പ്ലേറ്റ് ഭാഗികമായി മറച്ച തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള ജീപ്പിലെത്തിയ മലയാളം സംസാരിക്കുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ജീപ്പ് കുറുകെയിട്ട് മിനി ലോറി തടഞ്ഞ സംഘം സലാമിനെ ജാക്കി ലിവറുകൊണ്ട് അടിച്ചുവീഴ്ത്തിയശഷമാണ് മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്നത്. മുഹമ്മദിനെയും അക്രമികള്‍ മര്‍ദിച്ചു. സലാമിന്റെ അരപ്പട്ടയില്‍ ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്നത് കവര്‍ച്ചക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
അക്രമികള്‍ സഞ്ചരിച്ച ജീപ്പ് രാവിലെ മുത്തങ്ങയില്‍ ഗുഡ്‌സ് ഓട്ടോയെ മറികടന്നതായി മുഹമ്മദ് നഞ്ചന്‍ഗോഡ് പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്‌പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലിസ്. മുഹമ്മദും സലാമും നഞ്ചന്‍ഗോഡ് ഗവ. ആശുപത്രിയില്‍ ചികിത്സ നേടി. കഴിഞ്ഞ മാസം 30ന് കര്‍ണാടകയിലെ മാണ്ഡ്യയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."