സുനിക്കുവേണ്ടി നടന് ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ച പൊലിസുകാരന് അറസ്റ്റില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി സുനിക്കുവേണ്ടി നടന് ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ച പൊലിസുകാരനെ അറസ്റ്റു ചെയ്തു. കളമശ്ശേരി എ.ആര്.ക്യാമ്പിലെ സി.പി.ഒ. അനീഷാണ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ആലുവ പൊലിസ് ക്യാമ്പില്‍ കൊണ്ടുവന്നപ്പോഴാണ് അറസ്റ്റിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ പാറാവ് ഡ്യൂട്ടിയിലായിരുന്നു അനീഷ്.
ഇവിടെവച്ചാണ് പൊലിസുകാരന്റെ ഫോണ്‍ വാങ്ങി ദിലീപിന് ഈ കേസിലെ പ്രധാന പ്രതി സുനി ശബ്ദസന്ദേശം അയച്ചത്. 'ദിലീപേട്ടാ പെട്ടു' എന്നായിരുന്നു സന്ദേശം. പിന്നീട് പൊലിസുകാരന് തന്നെ മൂന്നു പ്രാവശ്യം കാവ്യമാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വിളിച്ചിട്ടുമുണ്ട്. ഈ സിം പിന്നീട് ഇയാള്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് പൊലിസ് പറയുന്നത്. അന്വേഷണം മുറുകിയപ്പോള്‍ ഇയാള്‍ അന്വേഷണസംഘത്തിന് മാപ്പെഴുതി കൊടുത്തിരുന്നതായും പൊലിസ് പറയുന്നു. ഇതേതുടര്‍ന്ന് ഒന്നോ രണ്ടോ അറസ്റ്റ് കൂടി അടുത്തദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന് പൊലിസ് നേരത്തേ സൂചിപ്പിച്ചിരുന്നു.
ദിലീപ് അടുത്ത ജാമ്യാപേക്ഷ കൊടുക്കാനിരിക്കേ നിര്‍ണായക നീക്കമാണ് പൊലിസ് നടത്തിയിരിക്കുന്നതെന്ന് നിയമ വൃത്തങ്ങള്‍ പറയുന്നു. അതേസമയം പൊലിസുകാരനെ അന്വേഷണസംഘം ഉപയോഗിച്ചതാണെന്ന സംശയം ആദ്യമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."